വാഷിംഗ്ടൺ : ലെബനനിലുടനീളം ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 250 ഓളം പേർ കൊല്ലപ്പെട്ടു. 700 ലധികം പേർക്ക് പരിക്ക് . ആക്രമണത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കർ ഗതാഗതം ഇറാൻ നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്.
ബെയ്റൂട്ട്, ബെക്കാ താഴ്വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലൂടെ വെറും 10 മിനിറ്റിനുള്ളിൽ 100 ലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. നിലവിലെ ആക്രമണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഏകോപിത ആക്രമണമാണിതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുണ്ട്, എങ്കിലും സിവിലിയൻ പ്രദേശങ്ങളെ വലിയ തോതിൽ ആക്രമണം ബാധിച്ചതായി ലെബനൻ അധികൃതർ പറഞ്ഞു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വ്യാപകമായ നാശമാണ് ഉണ്ടായിരിക്കുന്നത്.ഇസ്രായേൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കർ ഗതാഗതം ഇറാൻ നിർത്തിവച്ചതായി ഇറാൻ മാധ്യമം ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
നേരത്തെ, അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെത്തുടർന്ന് രണ്ട് എണ്ണ ടാങ്കറുകൾക്ക് ജലപാതയിലൂടെ സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഇറാനിൽ നിന്നുള്ള 10-പോയിന്റ് നിർദ്ദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചതിന് ശേഷമാണ് വെടിനിർത്തൽ ഉണ്ടായത്. സംഘർഷങ്ങൾ ലഘൂകരിക്കാനും ചർച്ചകൾ സുഗമമാക്കാനും ലക്ഷ്യമിട്ട് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും അല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയ സമയപരിധി അവസാനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് വെടിനിർത്തൽ പ്രഖ്യാപനം വന്നത്.
വെടിനിർത്തൽ കരാർ ഉണ്ടായിരുന്നിട്ടും, ലെബനനിൽ ഇസ്രായേലി ആക്രമണങ്ങൾ ഉണ്ടായതോടെയാണ് ഹോർമുസ് അടച്ചതെന്നാണ് സൂചന.

