കണ്ണൂർ: പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി . കണ്ണൂർ കരിവെള്ളൂർ പാലിയേരി സ്വദേശി ദിവ്യശ്രീയാണ് മരിച്ചത്. കാസർകോട് ചന്ദേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്നു ദിവ്യശ്രീ. ഭർത്താവ് കോട്ടൂർ കൊഴുമ്മൽ പെരളത്തെ കെ രാജേഷ് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത് . ഏപ്രിൽ 10 ന് പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിക്കും.
2024 നവംബർ 21 ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ ഭർത്താവ് രാജേഷുമായി ദിവ്യശ്രീ വേർപിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം, രാജേഷ് ആയുധവുമായി വീട്ടിലേക്ക് എത്തി, ദിവ്യശ്രീയുടെ കഴുത്തിലും മുഖത്തും വെട്ടി. തടയാൻ എത്തിയ ദിവ്യശ്രീയുടെ അച്ഛൻ വാസുവിന്റെ കൈകൾക്കും വയറ്റിലും പരിക്കേറ്റു.
ദിവ്യശ്രീ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബൈക്കിൽ വന്ന പ്രതി ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടു. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം വളപട്ടണത്തുള്ള ബാറിൽ മദ്യപിക്കാൻ പോയി. വിവരമറിഞ്ഞ പോലീസ് അവിടെ നിന്ന് അയാളെ അറസ്റ്റ് ചെയ്തു.
രാജേഷിനും ദിവ്യശ്രീക്കും ഒരു കുട്ടിയുണ്ട്. ഇവരുടെ വിവാഹമോചന കേസ് കണ്ണൂർ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. സംഭവദിവസം രാവിലെ, ദിവ്യശ്രീ ഹാജരായി, ബന്ധം തുടരാൻ തനിക്ക് താൽപ്പര്യമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി.

