മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഫിയ ധരിച്ചെത്തി നേതാക്കളും പ്രതിനിധികളും . പലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് പിണറായി വിജയൻ അടക്കം കഫിയ ധരിച്ചെത്തിയത്.
ഇതാദ്യമായാണ് പാര്‍ട്ടി വേദിയില്‍ വേഷധാരണങ്ങളോടെയെത്തി ഏതെങ്കിലുമൊരു വിഷയത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്ന രീതി സിപിഎം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എം എ ബേബിയും പ്രകാശ് കാരാട്ടും മുതല്‍ സമ്മേളന പ്രതിനിധികളും പലസ്തീന്-ഹമാസ് വേഷമായ കഫിയ ധരിച്ചെത്തി.
ചെറുത്തുനില്‍പ്പിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ചിഹ്നമായ കഫിയ അണിഞ്ഞു പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയുള്ള പലസ്തീന് സ്വതന്ത്രമാവുക തന്നെ ചെയ്യുമെന്നും പലസ്തീന് ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രായേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരെന്നും പിണറായി പറഞ്ഞു.പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. എം.എ. ബേബി പലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.