പാലക്കാട് : ആത്മഹത്യ ചെയ്ത സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് . കോഴിക്കോട് തൊട്ടിൽപ്പാലത്തെ ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നത് . കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിൽ ഉന്നയിക്കുന്നത്.
അനാശാസ്യ പ്രവർത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഉമേഷ് പീഡിപ്പിച്ചുവെന്നാണ് ആരോപണം. സ്ത്രീയും അവരുടെ രണ്ട് കുട്ടികളും താമസിക്കുന്ന വീട്ടിൽ പോയി പീഡിപ്പിച്ചുവെന്നാണ് കുറിപ്പിൽ പറയുന്നത്. യുവതിയെ പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചെന്നുമാണ് ആരോപണം.കേസ് മാധ്യമങ്ങളിൽ വരാതിരിക്കാനും പുറത്തറിയാതിരിക്കാനും തനിക്ക് വഴങ്ങണമെന്ന് ഉമേഷ് യുവതിയോട് പറയുകയായിരുന്നു. മറ്റ് വഴികളില്ലാതെ യുവതി സമ്മതിക്കുകയായിരുന്നെന്നും ബിനു കത്തിൽ ആരോപിക്കുന്നു.
നവംബർ 15 ന് എസ്എച്ച്ഒ ബിനുവിനെ തന്റെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത് . ഡ്യൂട്ടിയിലിരിക്കെ വിശ്രമിക്കാൻ ബിനു തന്റെ ക്വാർട്ടേഴ്സിലേക്ക് പോയിരുന്നു. തിരിച്ചെത്താത്തപ്പോൾ, സഹപ്രവർത്തകർ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മുപ്പത്തിരണ്ട് പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്നങ്ങളാണെന്ന് പോലീസ് ആദ്യം പറഞ്ഞിരുന്നു. എന്നാൽ, ജോലി സമ്മർദ്ദമാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. സ്ഥലംമാറ്റത്തിന് ശേഷം ആറ് മാസം മുമ്പാണ് ബിനു തോമസ് ചെർപ്പുളശ്ശേരിയിൽ എത്തിയത് .

