തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും എന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് അലർട്ട്. മറ്റ് ജില്ലകളിൽ അലർട്ടില്ലെങ്കിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ലക്ഷദ്വീപിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണമാകുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ദുർബലമാകും. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവത ചുഴി രൂപപ്പെട്ടു.
ഇത് ശക്തി പ്രാപിച്ചു 48 മണിക്കൂറിനുള്ളിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
അടുത്ത ബുധനാഴ്ച വരെ മഴ ലഭിക്കും. പിന്നീടുള്ള ദിവസങ്ങളിൽ മഴ കനക്കാനാണ് സാധ്യത എന്നുമാണ് പ്രവചിക്കപ്പെടുന്നത്.