ന്യൂഡൽഹി : കേരളത്തിന് പുറമെ അസമിലും പുതുച്ചേരിയിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നു. രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചു. അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത് . സംസ്ഥാനത്ത് 1.25 കോടി സ്ത്രീകളടക്കം ഏകദേശം 2.5 കോടി വോട്ടർമാരുണ്ട്. സംസ്ഥാനത്തുടനീളമുള്ള 31,490 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. പുതുച്ചേരിയിലെ 30 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കുന്നു. ഇതുവരെ അസമിൽ 17.87 ശതമാനവും പുതുച്ചേരിയിൽ 17.41 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
അസമിൽ 722 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. ഭരണകക്ഷിയായ ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരാൻ ശ്രമിക്കുകയാണ്. 2016 ലെ ദയനീയ തോൽവിക്ക് ശേഷം അധികാരം തിരിച്ചുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് പ്രസിഡന്റ് ബദ്റുദ്ദീൻ അജ്മൽ എന്നിവരാണ് മത്സരരംഗത്തുള്ള പ്രധാന സ്ഥാനാർത്ഥികൾ. പുതുച്ചേരിയിൽ, മുഖ്യമന്ത്രി എം രംഗസ്വാമി നയിക്കുന്ന എഐഎൻആർസി-ബിജെപി സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് പോരാട്ടം. നടൻ വിജയ്യുടെ തമിഴക വെട്രി കഴകവും മത്സരത്തിൽ നിർണായക ശക്തിയാണ്.
രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 296 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.

