കൊച്ചി: സൈബർ തട്ടിപ്പിന്റെ പുതിയ രൂപമായ വാട്സാപ്പ് ഹാക്കിംഗ് സംസ്ഥാനത്ത് വ്യാപകമാകുന്നതായി റിപ്പോർട്ട്. വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് ഉടമയുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരോടും ഗ്രൂപ്പുകളിലുള്ളവരോടും പണം ആവശ്യപ്പെടുകയാണ് തട്ടിപ്പുകാരുടെ രീതി. വാട്സാപ്പ് അക്കൗണ്ടിലെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ചോർത്തി ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്.
പരിചയമുള്ള നമ്പറിൽ നിന്നും വരുന്ന വാട്സാപ്പ് സന്ദേശമാണ് തട്ടിപ്പിന്റെ ആദ്യ പടി. അബദ്ധത്തിൽ ഒരു ആറക്ക നമ്പർ എസ് എം എസ് ആയി അയച്ചു പോയെന്നും, അത് വാട്സാപ്പിൽ ഫോർവേഡ് ചെയ്ത് നൽകാനും ആവശ്യപ്പെട്ടുകൊണ്ടുള്ളതാകും സന്ദേശം. നമുക്ക് പരിചയമുള്ള, നേരത്തേ ഹാക്ക് ചെയ്യപ്പെട്ട നമ്പറിൽ നിന്നാകും സന്ദേശം എത്തുക.
കഥയറിയാതെ ഒടിപി അയച്ച് കൊടുക്കുന്നതോടെ നമ്മുടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ കൈയ്യിലാകും. തുടർന്ന് നമ്മുടെ പരിചയക്കാർക്കും നമ്മൾ ഉൾപ്പെട്ടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും നമ്മുടെ അക്കൗണ്ടിൽ നിന്നും ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ അയക്കും. ഇങ്ങനെയാണ് തട്ടിപ്പിന്റെ രീതി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതറിഞ്ഞ്, നമ്മൾ അയക്കുന്ന മുന്നറിയിപ്പ് സന്ദേശങ്ങളും തട്ടിപ്പുകാർ നിമിഷങ്ങൾക്കകം ഡിലീറ്റ് ചെയ്യുന്നു.
ഇത്തരത്തിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായുള്ള നിരവധി പരാതികളാണ് പ്രതിദിനം പോലീസിനും സൈബർ സെല്ലിനും ലഭിക്കുന്നത്. ഒടിപി നമ്പർ ആവശ്യപ്പെട്ട് ആര് മെസേജ് അയച്ചാലും പ്രതികരിക്കരുത് എന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ആൻഡ്രോയ്ഡ് ഫോണുകളിലെ എസ് എം എസ് ആപ്പുകൾ ഹാക്ക് ചെയ്ത് ബാങ്ക് ഒടിപികളും യുപിഐ വിവരങ്ങളും ചോർത്തുന്ന തട്ടിപ്പുകൾ നേരത്തേ നിലവിലുണ്ടായിരുന്നു. സൈബർ നിരീക്ഷണങ്ങളും ബോധവത്കരണങ്ങളും കാര്യക്ഷമമാക്കിയതും സെക്യൂരിറ്റി അപ്ഡേറ്റുകൾ മെച്ചപ്പെടുത്തിയതും നിമിത്തം ഇത്തരം തട്ടിപ്പുകൾ കുറഞ്ഞ് വരികയായിരുന്നു.
വെർച്വൽ അറസ്റ്റും വീഡിയോ അറസ്റ്റും പോലെയുള്ള തട്ടിപ്പുകളും, കൈയ്യോടെ പിടികൂടപ്പെട്ടതോടെ തട്ടിപ്പുകാർ ഒതുങ്ങി വരികയായിരുന്നു. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തും വ്യക്തിഗത വിവരങ്ങൾ ചോർത്തിയും മെസഞ്ചറിലൂടെ ധനാഭ്യർത്ഥന നടത്തുന്ന തട്ടിപ്പിനും ഒരു പരിധിവരെ പൂട്ട് വീണതോടെയാണ് സൈബർ തട്ടിപ്പിന്റെ പുതിയ വകഭേദവുമായി ക്രിമിനലുകൾ വീണ്ടുമെത്തിയിരിക്കുന്നത്.