കൽപ്പറ്റ: കേളമംഗലം പനമരത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേളമംഗലം കേണിച്ചിറ സ്വദേശി ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ജിൽസണെ (42) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം, കേരള വാട്ടർ അതോറിറ്റി ജീവനക്കാരനാണ് ജിൽസൺ .
രണ്ട് മക്കളെയും മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു ജിൽസൺ കൃത്യം നടത്തിയത്. ഫോൺ ചാർജിംഗ് കേബിൾ ഉപയോഗിച്ച് ലിഷയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നാലെ തൂങ്ങിമരിക്കാൻ ശ്രമിച്ചെങ്കിലും താഴേയ്ക്ക് വീഴുകയായിരുന്നു. . തുടർന്ന് വിഷം കഴിക്കുകയും ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കുകയും ചെയ്തു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുമെന്ന് കാണിച്ച് സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നെങ്കിലും പുലർച്ചെയാണ് സന്ദേശം കണ്ടത്. സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിക്കുന്ന രണ്ട് ആത്മഹത്യാ കുറിപ്പുകൾ വീട്ടിൽ നിന്ന് കണ്ടെടുത്തതായി കേണിച്ചിറ പോലീസ് പറഞ്ഞു. കുടുംബത്തിൻ്റെ കടബാധ്യതകളെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഒരു സ്വാശ്രയ സംഘത്തിന് ലിഷ അഞ്ച് ലക്ഷം രൂപയോളം നൽകാനുള്ളതായി അയൽവാസികൾ പറഞ്ഞു. ജിൽസണും ഒന്നിലധികം വായ്പകൾ എടുത്തിരുന്നു. ലിഷയ്ക്ക് സുഖമില്ലായിരുന്നുവെന്നും അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നതായും അയൽവാസികൾ പറഞ്ഞു.