കിഴക്കൻ തായ് വാനിൽ ആഞ്ഞടിച്ച് രസാഗ ചുഴലിക്കാറ്റ്. കൊടുങ്കാറ്റിലും, പേമാരിയിലും 14 പേർ മരിക്കുകയും 120 പേരെ കാണാതാവുകയും ചെയ്തു. ഹുവാലിയൻ കൗണ്ടിയിലെ തടാകം കരകവിഞ്ഞൊഴുകിയത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.
“ചില സ്ഥലങ്ങളിൽ, താൽക്കാലികമായി ഒരു വീടിന്റെ രണ്ടാം നില വരെ വെള്ളം ഉയർന്നു, നഗരമധ്യത്തിൽ ഒരു നില വരെ വെള്ളം പൊങ്ങി,” ഹുവാലിയൻ കൗണ്ടി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ലീ ലുങ്-ഷെങ് പറഞ്ഞു. വെള്ളം ഇറങ്ങുന്നതുവരെ ഒറ്റപ്പെട്ട താമസക്കാരോട് സ്ഥലത്ത് തുടരാൻ ആവശ്യപ്പെട്ടതായി അധികൃതർ പറഞ്ഞു.
തായ്വാനിലെ നാഷണൽ ഫയർ ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ ഹുവാലിയൻ കൗണ്ടിയിൽ വെള്ളം കയറിയ തെരുവുകളും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളും പിഴുതെറിയപ്പെട്ട മരങ്ങളും കാണാം . തായ്വാനിലുടനീളം, ചുഴലിക്കാറ്റ് കാരണം 7,600 ൽ അധികം ആളുകളെ ഒഴിപ്പിച്ചു, ഇതിൽ 3,100 നിവാസികളും ക്രീക്ക് ഏരിയയ്ക്ക് സമീപം താമസമാക്കിയവരാണ്.
കഴിഞ്ഞ ജൂലൈയിൽ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഈ തടാകം രൂപപ്പെട്ടത് . ഇപ്പോൾ രസാഗ ചുഴലിക്കാറ്റ് ശക്തമായതോടെ തടാകം കരകവിഞ്ഞ് കിഴക്കൻ തായ്വാനിലെ പല പ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. പ്രതീക്ഷിച്ചതിലും വലിയ നാശനഷ്ടങ്ങളാണ് ഈ മേഖലയിൽ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.
നഗരത്തിലുടനീളമുള്ള നൂറുകണക്കിന് മരങ്ങൾ നിലംപതിച്ചു. ഒരു കപ്പൽ കരയിലേക്ക് ഇടിച്ചുകയറി, കടൽത്തീരത്ത് ഒരു നിര ഗ്ലാസ് റെയിലിംഗുകൾ തകർന്നു. സൈക്ലിംഗ് ലെയ്നുകളും കളിസ്ഥലങ്ങളും ഉൾപ്പെടെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പരിക്കേറ്റ 60-ലധികം പേർ ആശുപത്രികളിൽ ചികിത്സ തേടി. അതേസമയം രസാഗ വൈകുന്നേരം യാങ്ജിയാങ്ങിനും ഷാൻജിയാങ്ങിനും ഇടയിൽ കര തൊടുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

