ന്യൂദൽഹി : ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇന്ത്യൻ വംശജനും, ഡെമോക്രാറ്റിക് നോമിനിയുമായ സൊഹ്റാൻ മംദാനി . പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പായിരുന്നു ഇത്.
മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി വിജയം ഉറപ്പിച്ചത് . പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടൻ എഴുത്തുകാരൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി.
ഉഗാണ്ടയിൽ ജനിച്ച മംദാനി ന്യൂയോർക്കിലാണ് വളർന്നത്. ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മുസ്ലീമാണ് 34 കാരനായ സൊഹ്റാൻ മംദാനി. സോഷ്യലിസ്റ്റ് നേതാവായ മംദാനി ന്യൂയോർക്ക് നഗരത്തിലെ ജീവിതച്ചെലവ് കുറയ്ക്കുമെന്നും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാരിന്റെ സിറ്റി ബസുകളിൽ സൗജന്യ യാത്ര, ശിശുക്ഷേമ പദ്ധതി, ഭവന പ്രതിസന്ധി പരിഹരിക്കൽ, കോർപ്പറേറ്റ് നികുതി നിരക്ക് ഉയർത്തൽ എന്നിവയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മംദാനി ഒരു അനധികൃത കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിജയിച്ചാൽ നഗരം ഏറ്റെടുക്കുമെന്നും അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തി. മംദാനി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂയോർക്കിലേക്കുള്ള ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

