ഇസ്ലാമാബാദ് : പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾ ശനിയാഴ്ച ഇസ്താംബൂളിൽ ആരംഭിച്ചു. എന്നാൽ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധമുണ്ടാകുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് .
ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ഒക്ടോബർ 18-19 തീയതികളിൽ ദോഹയിൽ വെച്ചാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ഘട്ട ചർച്ചകൾ നടന്നത്. ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി റഹ്മത്തുള്ള മുജീബാണ് അഫ്ഗാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. അഫ്ഗാൻ ആഭ്യന്തര മന്ത്രി നൂർ അഹമ്മദ് നൂറിന്റെ സഹോദരൻ അനസ് ഹഖാനിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടംഗ സംഘമാണ്.
ആദ്യ റൗണ്ട് ചർച്ചകൾക്ക് നേതൃത്വം നൽകിയത് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ്. പുതിയ റൗണ്ട് ചർച്ചകളുടെ ഫലങ്ങൾ ഞായറാഴ്ചയോടെ പുറത്തുവരുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ചർച്ചകൾ പരാജയപ്പെട്ടാൽ, അഫ്ഗാനിസ്ഥാനുമായി തുറന്ന സംഘർഷത്തിൽ ഏർപ്പെടുകയല്ലാതെ പാകിസ്ഥാന് മറ്റ് മാർഗമില്ലെന്നും ഖ്വാജ പറഞ്ഞു.
തുർക്കിയും ഖത്തറും സഹകരിച്ച് നേതൃത്വം നൽകുന്ന ഒരു ‘മൂന്നാം കക്ഷി മേൽനോട്ട ഘടന’ സൃഷ്ടിക്കാൻ പാകിസ്ഥാനും ആഗ്രഹിക്കുന്നുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചകളിൽ, നിരോധിത തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാന്റെ (ടിടിപി) ഭീഷണി തങ്ങളുടെ പ്രദേശത്ത് നിന്ന് ഇല്ലാതാക്കാൻ കൃത്യമായ നടപടി സ്വീകരിക്കാൻ പാകിസ്ഥാൻ അഫ്ഗാൻ പക്ഷത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഒരാഴ്ച നീണ്ടുനിന്ന ഇന്ത്യാ സന്ദർശനത്തെ പാകിസ്ഥാൻ സർക്കാർ ഗണ്യമായ സംശയത്തോടെയാണ് വീക്ഷിച്ചത്. മുത്തഖിയുടെ സന്ദർശനത്തിന്റെ ആദ്യ ദിവസം തന്നെ കാബൂളിൽ ഡ്രോൺ ആക്രമണങ്ങളും നടത്തി.
അതേസമയം കുനാർ നദിയിൽ അണക്കെട്ടുകളുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കാനും വിദേശ കമ്പനികൾക്കായി കാത്തിരിക്കുന്നതിനുപകരം ആഭ്യന്തര കമ്പനികളുമായി കരാറുകളിൽ ഒപ്പിടാനും താലിബാൻ സുപ്രീം നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ജല-ഊർജ്ജ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എക്സിൽ താലിബാൻ ഡെപ്യൂട്ടി ഇൻഫർമേഷൻ മന്ത്രി മുഹാജിർ ഫറാഹി പറഞ്ഞു. ദിവസങ്ങൾ നീണ്ടുനിന്ന ശത്രുതയെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് ശേഷമാണ് ഈ നീക്കം.

