ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളൂരു സ്ഫോടന കേസിൽ നാല് മാസത്തിനുള്ളിൽ വിധി പറയാൻ സുപ്രീം കോടതി ഉത്തരവ് . വിചാരണ നടക്കുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതിയ്ക്കാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത് . കേസിലെ 28-ാം പ്രതിയായ താജുദ്ദീൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത്. കേസിൽ വിചാരണ പൂർത്തിയാക്കാതെ 16 വർഷമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീൻ സുപ്രീം കോടതിയെ സമീപിച്ചത്.
മദനിക്കും കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കുമെതിരെ പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിയോട് നിർദ്ദേശിക്കണമെന്ന കർണാടക സർക്കാരിന്റെ ആവശ്യം കർണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിഗണിക്കാൻ നിർദ്ദേശം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു
ഇതേത്തുടർന്ന്, വിചാരണ കോടതിയിൽ ആരംഭിക്കേണ്ട അന്തിമ വാദങ്ങളുടെ വാദം കേൾക്കൽ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും പ്രതികൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതിനകം വിചാരണ കഴിഞ്ഞ കേസിൽ പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ കഴിയില്ലെന്ന് മദനിയും മറ്റുള്ളവരും വാദിച്ചിരുന്നു.
പുതിയ തെളിവുകൾ പരിഗണിക്കാൻ അനുവദിക്കുന്നത് വിചാരണ അനിശ്ചിതമായി നീണ്ടുനിൽക്കുമെന്ന് പ്രതിഭാഗം അഭിഭാഷകരും വാദിച്ചിരുന്നു. 500-ലധികം സാക്ഷികളുള്ള സ്ഫോടന കേസിൽ, മരിച്ചവരോ കണ്ടെത്താനാകാത്തവരോ ആയ ഏകദേശം 100 സാക്ഷികളെ വിചാരണ പ്രക്രിയയിൽ നിന്ന് കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.

