ന്യൂഡൽഹി : ബീഹാറിലെ കനത്ത തോൽവിയ്ക്ക് പിന്നാലെ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിലും രാഷ്ട്രീയ ജനതാദളിലും (ആർജെഡി) ഉള്ള തർക്കം പരസ്യമായി പുറത്തുവന്നിരുന്നു . മകൾ രോഹിണി ആചാര്യ തന്റെ മൂത്ത സഹോദരൻ തേജസ്വി യാദവ് തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കിയതായാണ് ആരോപിക്കുന്നത് . . 2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാഗത്ബന്ധന്റെ പരാജയത്തിന് ശേഷം താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും “കുടുംബത്തെ തള്ളിപ്പറയുകയാണെന്നും” ആചാര്യ X-ൽ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇത്.
“എനിക്ക് കുടുംബമില്ല. നിങ്ങൾക്ക് ഇപ്പോൾ സഞ്ജയ്, റമീസ്, തേജസ്വി യാദവ് എന്നിവരോട് ഇത് ചോദിക്കാം. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഗ്രഹിക്കാത്തതിനാലാണ് അവർ എന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയെ ഈ അവസ്ഥയിലേക്ക് കൊണ്ടുവന്നത് എന്തുകൊണ്ടാണെന്ന് ലോകവും രാഷ്ട്രവും മുഴുവൻ ചോദിക്കുന്നു.
കുടുംബത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന ആളുകളെ പുറത്താക്കുകയും ചെരിപ്പുകൾ കൊണ്ട് അടിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങൾ സഞ്ജയ് യാദവിന്റെയും റമീസിന്റെയും പേര് പറയുമ്പോൾ, നിങ്ങളെ പുറത്താക്കുകയും, അപകീർത്തിപ്പെടുത്തുകയും, അധിക്ഷേപിക്കുകയും, വീട്ടിൽ നിന്ന് പുറത്താക്കുകയും, നിങ്ങളുടെ നേർക്ക് ചെരിപ്പുകൾ പോലും ഉയർത്തുകയും ചെയ്യും,” രോഹിണി ആചാര്യ പറഞ്ഞു.
നേരത്തെ എക്സിൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, തന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്. സഞ്ജയ് യാദവും റമീസും തന്നോട് ആവശ്യപ്പെട്ടത് ഇതാണ്, എല്ലാ കുറ്റവും താൻ ഏറ്റെടുക്കുന്നുവെന്നാണ് രോഹിണി പറഞ്ഞത്.

