ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി രേഖാഗുപ്തയെ പ്രഖ്യാപിച്ച് ബിജെപി . ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റായ രേഖ ഗുപ്ത ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് .നിലവില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമാണ് രേഖ ഗുപ്ത.
ഷാലിമാർ ബാഗിൽ നിന്ന് ആദ്യമായി എംഎൽഎയായ രേഖ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർത്ഥി ബന്ദന കുമാരിയെ 29,000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത് . 2015, 2020 ഡൽഹി തിരഞ്ഞെടുപ്പുകളിൽ രേഖ ഗുപ്ത ഷാലിമാർ ബാഗ് സീറ്റിൽ മത്സരിച്ചെങ്കിലും രണ്ട് വർഷങ്ങളിലും ആം ആദ്മിയുടെ ബന്ദന കുമാരിയോട് പരാജയപ്പെട്ടിരുന്നു.
നാളെ ഉച്ചയ്ക്ക് നഗരത്തിലെ പ്രശസ്തമായ രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് .
“എന്നിൽ വിശ്വസിച്ച് മുഖ്യമന്ത്രി സ്ഥാനത്തിന്റെ ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചതിന് എല്ലാ ഉന്നത നേതൃത്വത്തിനും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നിങ്ങളുടെ ഈ വിശ്വാസവും പിന്തുണയും എനിക്ക് പുതിയ ഊർജ്ജവും പ്രചോദനവും നൽകി. ഡൽഹിയിലെ ഓരോ പൗരന്റെയും ക്ഷേമത്തിനും ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും വേണ്ടി പൂർണ്ണ സത്യസന്ധതയോടും സമഗ്രതയോടും സമർപ്പണത്തോടും കൂടി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. ഡൽഹിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഈ സുപ്രധാന അവസരത്തിനായി ഞാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധയാണ്,” പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ, X-ൽ രേഖാഗുപ്ത കുറിച്ചു.

