ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, രാഷ്ട്രപതി ദ്രൗപതി മുർമുവും. യേശുക്രിസ്തുവിന്റെ സന്ദേശങ്ങൾ ലോകത്തിന് സമാധാനത്തിന്റെയും സമൃദ്ധിയുടേയും പാത തെളിയിക്കട്ടേയെന്ന് നരേന്ദ്രമോദി തൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
“എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു. യേശുക്രിസ്തുവിന്റെ സന്ദേശങ്ങൾ എല്ലാവർക്കും സമാധാനത്തിന്റെയും സമൃദ്ധിയുടേയും പാത തെളിയിക്കട്ടെ,” പ്രധാനമന്ത്രി ആശംസിച്ചു.
കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ഡൽഹിയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.
പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രപതി ദ്രൗപതി മുർമുവും രാജ്യത്തിന് ക്രിസ്മസ് ആശംസകൾ നേർന്നു. “എല്ലാവർക്കും ക്രിസ്മസ് ആശംസകൾ, ഈ സുദിനം യേശുക്രിസ്തുവിന്റെ സ്നേഹം, ദയ, അനുകമ്പ എന്നിവയുടെ കാലാതീതമായ സന്ദേശങ്ങൾ ഓർമ്മിപ്പിക്കുന്നു. ഈ സന്തോഷകരമായ അവസരത്തിൽ, സമാധാനം പുലരാനും സമത്വം പ്രോത്സാഹിപ്പിക്കാനും സമൂഹത്തിൽ ഐക്യം വളർത്താനും നമുക്ക് ശ്രമിക്കാം,”- രാഷ്ട്രപതി കുറിച്ചു.