ന്യൂഡൽഹി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേയ്ക്കായിരുന്നു മാർച്ച് . പ്രതിഷേധിച്ച രാഹുൽ , പ്രിയങ്ക അടക്കമുള്ള എം പി മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി . മാർച്ച് തടഞ്ഞതിനെ തുടർന്ന് എം പി മാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു . അതിനു പിന്നാലെയാണ് അറസ്റ്റ് .
രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യസംഖ്യത്തിലെ കക്ഷികളുടെ എം പി മാരെല്ലാം മാർച്ചിൽ പങ്കെടുത്തു. . ട്രാന്സ്പോര്ട്ട് ഭവന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. പ്രാദേശിക ഭാഷകളിലെ പ്ലാക്കാർഡുകളുമായായിരുന്നു മാർച്ച് .
വോട്ട് അട്ടിമറിച്ചെന്ന ആരോപണത്തിൽ സത്യവാങ്മൂലം നൽകണമെന്ന് രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷം റാലി സംഘടിപ്പിച്ചത് . ആരോപണത്തിന് പിന്നാലെ കർണാടക, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, തെറ്റായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും, ഒഴിവാക്കിയെന്നും രാഹുൽ ആരോപിക്കുന്ന വ്യക്തികളുടെ പേരുകളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ അനുസരിച്ച് ഒപ്പിട്ട പ്രഖ്യാപനവും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതൊന്നും നൽകാൻ തയ്യാറാകാതെ പാർലമെന്റ് അംഗമെന്ന നിലയിൽ ഭരണഘടന ഉയർത്തിപ്പിടിക്കുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത് .
വോട്ട് മോഷണ’ത്തിൽ ബിജെപിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിച്ചുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ഒരു വെബ് പോർട്ടലും ( votechori.in/ecdemand ) ആരംഭിച്ചു . “വോട്ട് മോഷണം ജനാധിപത്യത്തിന് എതിരാണ്. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന തത്വം ആക്രമണത്തിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് ശുദ്ധമായ വോട്ടർ പട്ടിക ആവശ്യമാണ്” എന്ന് രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും പിന്തുണയ്ക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

