ന്യൂഡൽഹി : യെമനിൽ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ കാര്യത്തിൽ പുതിയ മധ്യസ്ഥനെ ചുമതലപ്പെടുത്തിയതായി കേന്ദ്രസർക്കാർ . വധശിക്ഷ സ്റ്റേ ചെയ്തിട്ടുണ്ടെന്നും പ്രതികൂലമായി ഒന്നും ഉണ്ടായിട്ടില്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മുൻപാകെ ഇക്കാര്യം അറിയിച്ചത്. 2017-ൽ യെമനിലെ ബിസിനസ്സ് പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ .
38 കാരിയായ നിമിഷപ്രിയയെ രക്ഷിക്കാൻ നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി .നിയമപരമായ പിന്തുണ നൽകുന്ന ഹർജിക്കാരുടെ സംഘടനയായ ‘സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ എന്ന സംഘടനയുടെ അഭിഭാഷകൻ, വധശിക്ഷ നിലവിൽ സ്റ്റേ ചെയ്തതായി വ്യക്തമാക്കി.
വിഷയത്തിൽ ആപത്ശങ്കയില്ലെന്നും, മാറ്റിവയ്ക്കാമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞതനുസരിച്ച് കേസ് 2026 ജനുവരിയിലേയ്ക്ക് മാറ്റി.സാഹചര്യം ആവശ്യമെങ്കിൽ കക്ഷികൾക്ക് നേരത്തെ ലിസ്റ്റ് ചെയ്യുന്നതിന് അപേക്ഷിക്കാമെന്ന് കോടതി വ്യക്തമാക്കി. ശരിയത്ത് നിയമപ്രകാരം അനുവദനീയമായ ബ്ലഡ് മണി കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകുന്നത് പരിശോധിക്കാമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ബ്ലഡ് മണി നൽകിയാൽ കൊല്ലപ്പെട്ടയാളുടെ കുടുംബം നിമിഷപ്രിയയ്ക്ക് മാപ്പ് നൽകിയേക്കാമെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു.

