ന്യൂഡൽഹി ; 1980-ൽ വോട്ടർ പട്ടികയിൽ പേര് ചേർത്തുവെന്ന ആരോപണത്തിൽ മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ഡൽഹിയിലെ റൗസ് അവന്യൂ സെഷൻസ് കോടതി നോട്ടീസ് അയച്ചു. സോണിയ ഗാന്ധിക്കൊപ്പം ഡൽഹി പോലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി തള്ളിയതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയുമായി ബന്ധപ്പെട്ടാണ് കോടതി സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.
ഇന്ത്യൻ പൗരനാകുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ഗുരുതരമായ ക്രമക്കേടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, വിഷയം പുനഃപരിശോധിക്കണമെന്ന് റിവിഷനിസ്റ്റ് വികാസ് ത്രിപാഠിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പവൻ നരംഗ് വാദിച്ചു.
1980 ൽ തന്നെ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തിരുന്നുവെന്നും, ആ സമയത്ത് അവർ ഇന്ത്യൻ പൗരത്വം പോലും നേടിയിരുന്നില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. 1982 ൽ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും 1983 ൽ വീണ്ടും ചേർക്കുകയും ചെയ്തു. 1983 ൽ സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടി. അഭിഭാഷകനായ വികാസ് ത്രിപാഠിയാണ് ഈ ഹർജി സമർപ്പിച്ചത്. നേരത്തെ സെപ്റ്റംബർ 11 ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യ ഇതേ ഹർജി തള്ളിയിരുന്നു.
1980-ൽ വോട്ടർ പട്ടികയിൽ ചേർക്കാൻ അവർ ചില വ്യാജ രേഖകൾ സമർപ്പിച്ചിരിക്കാമെന്നും ഇത് കുറ്റകരമാണെന്നും ഹർജിയിൽ പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, സോണിയ ഗാന്ധിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ കോടതി ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു.

