ബെംഗളൂരു : കർണാടകയിൽ ടിപ്പു ജയന്തി ആഘോഷങ്ങൾ പുനരാരംഭിക്കാൻ നീക്കം . കർണാടക നിയമസഭയിൽ കോൺഗ്രസ് എംഎൽഎ വിജയാനന്ദ് കശപനവ്വറാണ് ഇതിനായി പ്രമേയം അവതരിപ്പിച്ചത് . സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയുള്ള ടിപ്പു ജയന്തി ആഘോഷങ്ങൾ പുനരാരംഭിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്.
“നമുക്ക് എന്തുകൊണ്ട് ആഘോഷങ്ങൾ നടത്തിക്കൂടാ? അത് തെറ്റാണോ? ഇതിന് പ്രീണനവുമായി ബന്ധമില്ല. 2013 ൽ ഞങ്ങൾ ടിപ്പു ജയന്തി ആഘോഷിക്കാൻ തുടങ്ങി. അത് പുനരാരംഭിക്കണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെ ജയന്തികളും നമ്മൾ ആഘോഷിക്കുന്നില്ലേ?.സ്വാതന്ത്ര്യ സമര സേനാനിയായ ടിപ്പു മൈസൂരിലെ കടുവയാണ്.
ഇതൊരു മതേതര രാജ്യമാണ്. ടിപ്പു ജയന്തി ആഘോഷിക്കുന്നതിൽ എന്താണ് തെറ്റ്? കർണാടകയിൽ നമ്മൾ ആചരിക്കുന്ന മറ്റ് ജയന്തി ആഘോഷങ്ങൾ പോലെയാണിത്. ഹിന്ദു-മുസ്ലീം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ മാത്രമാണ് ബിജെപിക്ക് താൽപ്പര്യം.” വിജയാനന്ദ് കശപനവ്വർ പറഞ്ഞു.
എന്നാൽ ടിപ്പു ജയന്തി വീണ്ടും അവതരിപ്പിക്കാനുള്ള സർക്കാരിന്റെ ഏതൊരു നീക്കത്തെയും ബിജെപി തീർച്ചയായും എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക പറഞ്ഞു. മുസ്ലീങ്ങളോടുള്ള സ്നേഹവും ഹിന്ദുക്കളോടുള്ള വിദ്വേഷവും കാരണം കോൺഗ്രസ് ടിപ്പുവിന്റെ മാത്രമല്ല ബിൻ ലാദന്റെ ജന്മദിനം പോലും ആഘോഷിക്കും,” അദ്ദേഹം പറഞ്ഞു.
2019-ലാണ് ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി സർക്കാർ ടിപ്പു ജയന്തി ഔദ്യോഗികമായി നിർത്തിവച്ചത്.

