ന്യൂഡൽഹി : കോൺഗ്രസിനെ അപമാനിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചരിത്രം വളച്ചൊടിച്ചതായി കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. വന്ദേമാതരം വിഭജിച്ചുവെന്ന് സർക്കാർ പറയുന്നു. എന്നാൽ വന്ദേമാതരം സംബന്ധിച്ച തീരുമാനം നെഹ്റു, ഗാന്ധി, മൗലാന ആസാദ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ കൂട്ടായ തീരുമാനമായിട്ടാണ് എടുത്തതെന്നും ഖാർഗെ പറഞ്ഞു.
‘ നെഹ്റുവിനെയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കാനുള്ള ഒരു അവസരവും പ്രധാനമന്ത്രി മോദിയും ബിജെപിയും ഒരിക്കലും പാഴാക്കില്ല. നെഹ്റുവിന്റ പേര് എത്ര താഴ്ത്താൻ ശ്രമിച്ചാലും അദ്ദേഹം ഏറ്റവും ഉയർന്ന ആളായിരുന്നു, അങ്ങനെ തന്നെ തുടരും, നിങ്ങൾ താഴെയാണ്, താഴെ തന്നെ തുടരും. നെഹ്റുവിന്റ പ്രതിച്ഛായ തകർക്കാൻ ആർക്കുമാകില്ല. ഡോളർ വളരെയധികം ഇടിഞ്ഞു, രൂപയുടെ അവസ്ഥ ഹിമാലയത്തിൽ നിന്ന് വീഴുന്ന ഒരാളുടെ അവസ്ഥ പോലെയായി.
1921-ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ, കോൺഗ്രസിലെ ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾ ‘വന്ദേമാതരം’ ചൊല്ലിക്കൊണ്ട് ജയിലിലേക്ക് പോയി. നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങൾ ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു.സ്വാതന്ത്ര്യസമരകാലത്ത് ‘വന്ദേമാതരം’ ഒരു മുദ്രാവാക്യമാക്കി മാറ്റിയത് കോൺഗ്രസ് ആയിരുന്നു… സ്വാതന്ത്ര്യസമരത്തിനും ദേശഭക്തി ഗാനങ്ങൾക്കും നിങ്ങൾ എപ്പോഴും എതിരായിരുന്നു എന്നതാണ് നിങ്ങളുടെ ചരിത്രം‘ ഖാർഗെ പറഞ്ഞു.

