തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വിധി എഴുതുന്ന ഏഴ് വടക്കന്‍ ജില്ലകളില്‍ പരസ്യ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. തൃശൂര്‍ മുതല്‍ കാസർകോട് വരെയുള്ള ജില്ലകളിലാണ് പരസ്യപ്രചാരണം ഇന്ന് സമാപിച്ചത്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.
ഓരോ തദ്ദേശസ്ഥാപനപരിധിയിലെയും പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം. കല്പറ്റയും ബത്തേരിയും മാനന്തവാടിയും കേന്ദ്രീകരിച്ചായിരിക്കും വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെയുള്ള വലിയ ആഘോഷം. പഞ്ചായത്ത് കേന്ദ്രങ്ങളിലും ആഘോഷം കേമമാകും.കല്പറ്റയില് പഴയ ബസ് സ്റ്റാന്‍ഡുമുതല്‍ ചുങ്കംവരെ എല്‍ഡിഎഫും ചുങ്കംമുതല്‍ പുതിയ ബസ് സ്റ്റാന്‍ഡുവരെ യുഡിഎഫും പ്രകടനം നടത്തും
മാനന്തവാടി നഗരസഭയിലെ കൊട്ടിക്കലാശം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഗാന്ധിപാര്‍ക്കില്‍ നടത്തും. പോസ്റ്റ് ഓഫീസ് റോഡ് ഭാഗം ബിജെപി പ്രവര്‍ത്തകര്‍ക്കും തലശ്ശേരി റോഡ് ഭാഗം എല്‍ഡിഎഫിനും മൈസൂരു റോഡ് ഭാഗം യുഡിഎഫിനുമാണ് നല്‍കിയിട്ടുള്ളത്.
നേതാക്കളും സ്ഥാനാര്‍ത്ഥികളും പങ്കെടുത്ത റോഡ് ഷോയും കൊട്ടിക്കലാശത്തിനോടനുബനധിച്ചുണ്ടായിരുന്നു. അതിനിടെ,മലപ്പുറം പൂക്കോട്ടൂരില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.470 ഗ്രാമപഞ്ചായത്തുകളും 47 നഗരസഭകളും 77 ബ്ലോക്ക് പഞ്ചായത്തുകളും മൂന്ന് കോര്‍പ്പറേഷനുകളും ഉള്‍പ്പെടെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. 39,014 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.ഒന്നരകോടിയിലേറെ വോട്ടര്‍മാര്‍ രണ്ടാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും.

