കർണാൽ ; ഭീകരാക്രമണ പദ്ധതി തകർത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് . ഇന്ദ്രിക്ക് സമീപം അറസ്റ്റിലായ കുപ്രസിദ്ധ കുറ്റവാളിയായ അമർ സിംഗ്, ജിൻജാരിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ഹാൻഡ് ഗ്രനേഡുകളും ഐഇഡിയും ഒളിപ്പിച്ചതായി സമ്മതിച്ചു. തുടർന്ന് ഫോറൻസിക്, ബോംബ് ഡിസ്പോസൽ സ്ക്വാഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ടീമുകൾ ഉടൻ സ്ഥലത്തെത്തി, എല്ലാ സ്ഫോടകവസ്തുക്കളും നിർവീര്യമാക്കി.
കൊലപാതകം, കവർച്ച എന്നിവയുൾപ്പെടെ 10 ഗുരുതരമായ കുറ്റങ്ങൾ അമർ സിംഗ് നേരിടുന്നുണ്ടെന്നും ലോറൻസ്, കലാ റാണ സംഘങ്ങളുമായി ബന്ധമുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) പറയുന്നു.
നോണി റാണയുടെ ഉത്തരവനുസരിച്ച് പഞ്ചാബിൽ നിന്നാണ് എല്ലാ സ്ഫോടകവസ്തുക്കളും വാങ്ങിയതെന്ന് അമർ സിംഗ് വെളിപ്പെടുത്തി. എന്നാൽ, നോണി റാണയുടെ അറസ്റ്റിനെത്തുടർന്ന്, അമർ സിങ്ങിന് കൂടുതൽ നിർദ്ദേശങ്ങൾ ലഭിച്ചില്ല. കൂടാതെ സ്ഫോടകവസ്തുക്കളും ഉപയോഗിക്കാനായില്ല . ഐഇഡിയിൽ ഒരു ഡിറ്റണേറ്റർ, ഒരു ടൈമർ, ഒന്നര കിലോഗ്രാം ആർഡിഎക്സ് എന്നിവ ഉണ്ടായിരുന്നു.
ജയിലിൽ വെച്ചാണ് അമർ സിംഗ് മോനു റാണയുമായും പിന്നീട് നോണി റാണയുമായും ബന്ധപ്പെട്ടതെന്ന് എസ്ടിഎഫ് അന്വേഷണത്തിൽ വ്യക്തമായി. യുഎസ്എ ആസ്ഥാനമായുള്ള ഒരു ശൃംഖലയിൽ നിന്ന് ഇവർക്ക് നിരന്തരമായ നിർദ്ദേശങ്ങൾ ലഭിച്ചു. തുടർന്ന് അമർ സിംഗ് ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും വിതരണ ശൃംഖലയുടെ ഭാഗമായി. മീററ്റ് നിവാസിയായ അമർ ഇരട്ട കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവയുൾപ്പെടെ 10 കേസുകളിൽ വിചാരണ നേരിടുന്നുണ്ട്.

