ന്യൂഡൽഹി ; ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ( ISRO ) ഗുജറാത്തിൽ ബഹിരാകാശ കേന്ദ്രം നിർമ്മിക്കുന്നു. ഇത് ISRO യുടെ മൂന്നാമത്തെ ബഹിരാകാശ കേന്ദ്രമായിരിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന് ശേഷമുള്ള ഏറ്റവും വലിയ ബഹിരാകാശ കേന്ദ്രമായിരിക്കുമിത് . 10,000 കോടി രൂപ ചെലവിലാണ് ബഹിരാകാശ കേന്ദ്രം നിർമ്മിക്കുക.
ഗുജറാത്തിലെ ദിയുവിനും വെരാവലിനും ഇടയിലായിരിക്കും ഈ ബഹിരാകാശ നിലയം നിർമ്മിക്കുക. ഇവിടെ നിന്ന് SALV, PSLV റോക്കറ്റുകൾ വിക്ഷേപിക്കുക എന്നതാണ് ഉദ്ദേശ്യം. ആശയവിനിമയം, നാവിഗേഷൻ, റിമോട്ട് സെൻസിംഗ് സംവിധാനങ്ങൾ എന്നിവയ്ക്കുള്ള ഉപഗ്രഹങ്ങൾ ഇവിടെ നിന്ന് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നതിന് മുൻഗണന നൽകും.
ഭൂമധ്യരേഖയോട് അടുത്ത് കിടക്കുന്നത് ഗുജറാത്തിനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് അനുയോജ്യമാക്കുന്നു.ഇന്ത്യയ്ക്ക് ഇതിനകം രണ്ട് ബഹിരാകാശ കേന്ദ്രങ്ങളുണ്ട്. ഒന്ന് ആന്ധ്രാപ്രദേശിലും മറ്റൊന്ന് കേരളത്തിലുമാണ്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട ദ്വീപിലാണ് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇസ്രോയുടെ ഏറ്റവും വലിയ ബഹിരാകാശ കേന്ദ്രമാണിത്. ഇസ്രോയുടെ മിക്ക വിക്ഷേപണങ്ങളും നിലവിൽ ഇവിടെ നിന്നാണ് നടക്കുന്നത്.
തിരുവനന്തപുരത്ത് തുമ്പയിൽ നിന്നാണ് ശാസ്ത്ര ഗവേഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന റോക്കറ്റുകൾ വിക്ഷേപിക്കുന്നത്.

