ഗുവാഹത്തി: ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് അഞ്ച് കോടി സംഭാവന നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . വെള്ളപ്പൊക്ക ബാധിത സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനാണ് ഈ സംഭാവന .
“ഹിമാചൽ പ്രദേശിലെ വിനാശകരമായ വെള്ളപ്പൊക്കം വളരെയധികം ജീവനും സ്വത്തിനും നഷ്ടം വരുത്തി. ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ദുരിതബാധിതർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. അസം ജനതയുടെ പേരിൽ, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ 5 കോടി രൂപ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു.” – ഹിമന്ത ബിശ്വ ശർമ്മ എക്സിൽ കുറിച്ചു.
മഴക്കാലത്ത് ഹിമാചൽ പ്രദേശിൽ ഗുരുതരമായ തടസ്സങ്ങൾ നേരിടാറുണ്ട്. നൂറുകണക്കിന് റോഡുകൾ, വൈദ്യുതി ട്രാൻസ്ഫോർമറുകൾ, ജലവിതരണ പദ്ധതികൾ എന്നിവയെ മഴ സാരമായി ബാധിച്ചു. ഹിമാചൽ പ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (SEOC) റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ 7 ന് രാവിലെ വരെ, NH-03, NH-05, NH-305 എന്നീ മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം ആകെ 866 റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.
ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ല കുളു ആണ് . അവിടെ 225 റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി വിതരണം തകരാറായി . 1,572 ട്രാൻസ്ഫോർമറുകൾ തകരാറിലായി. കുളു ജില്ലയിലാണ് ഏറ്റവും കൂടുതൽ ട്രാൻസ്ഫോർമറുകൾ തകരാറിലായത്. 873 എണ്ണം. തൊട്ടുപിന്നാലെ മണ്ടിയിൽ 259 എണ്ണവും ലാഹൗൾ & സ്പിതിയിൽ 142 എണ്ണവും തകരാറിലായി.
മൺസൂൺ ആരംഭിച്ചതിനുശേഷം ആകെ മരണസംഖ്യ 366 ആയി, ഇതിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 203 മരണങ്ങളും റോഡപകടങ്ങളിൽ 163 മരണങ്ങളും ഉൾപ്പെടുന്നു.

