തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. ശ്രീ കോവിൽ ചട്ടക്കൂടുകൾ , ദ്വാരപാലക വിഗ്രഹങ്ങൾ എന്നീ കേസുകളിൽ കൊല്ലം വിജിലൻസ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
കേസിൽ ഒക്ടോബർ 22 നാണ് മുരാരി ബാബു അറസ്റ്റിലായത്. സ്വർണ്ണ മോഷണ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ആദ്യ പ്രതിയാണ് മുരാരി ബാബു.കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ശ്രീകോവിലിന്റെ വാതിൽചട്ടക്കൂട് കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പോറ്റി ഇപ്പോഴും റിമാൻഡിലാണ്. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷയാകട്ടെ സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തിരുന്നു.
സ്വർണ്ണ മോഷണം നടന്ന സമയത്ത് വാസു ദേവസ്വം കമ്മീഷണറായിരുന്നു . ഭഗവാന്റെ സ്വർണ്ണം മോഷ്ടിച്ചില്ലേയെന്നാണ് വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ കോടതി ചോദിച്ചത് . ഹൈക്കോടതിയുടെ പ്രതികൂല പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് സമർപ്പിച്ച ഹർജിയും കോടതി തള്ളിയിരുന്നു.
മുരാരി ബാബു പെരുന്നയിൽ നിർമ്മിച്ച വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം നടന്നിരുന്നു . ക്ഷേത്ര ആവശ്യങ്ങൾക്കായി എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വീട് നിർമ്മാണത്തിനാവശ്യമായ തേക്കിൻ തടികൾ മുരാരി ബാബു വാങ്ങിയത്.
തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളുടെയും ദേവസ്വം ഗസ്റ്റ് ഹൗസിന്റെയും നിർമ്മാണത്തിന് തേക്ക് തടി ആവശ്യമാണെന്ന് പറഞ്ഞ് അദ്ദേഹം കോട്ടയം നട്ടാശ്ശേരിയിലെ വനം വകുപ്പിന്റെ തടി ഡിപ്പോയുമായി ബന്ധപ്പെട്ടിരുന്നു.എന്നാൽ, അവിടെ തടി സ്റ്റോക്കില്ലെന്ന് പറഞ്ഞപ്പോൾ, മറ്റേതെങ്കിലും ഡിപ്പോയിൽ നിന്ന് അത് ഏർപ്പാട് ചെയ്യാൻ മുരാരി ബാബു അവരോട് ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഒരു ഡിപ്പോയിൽ നിന്നാണ് തടി നൽകിയത്.
2019 ൽ മുരാരി ബാബു പെരുന്നയിൽ നിർമ്മിച്ച ഇരുനില വീടിനു മാത്രം ഏകദേശം 2 കോടി രൂപ ചെലവഴിച്ചതായി കരുതപ്പെടുന്നു. തടി നിർമ്മിതികൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള വസ്തുക്കൾ മാത്രമാണ് ഉപയോഗിച്ചത്. സ്വർണ്ണക്കടത്ത് നടന്ന അതേസമയം വീട് നിർമ്മിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. അതിനാലാണ്, വീട് നിർമ്മിച്ചതിനുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടക്കുന്നത് .

