വാഷിംഗ്ടൺ ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പല തരത്തിൽ ട്രംപിനേക്കാൾ ശക്തരും മികച്ച സ്ഥാനത്തുള്ളവരുമാണെന്ന് യുഎസ് രാഷ്ട്രീയ വിദഗ്ധൻ ഇയാൻ ബ്രെമ്മർ . ട്രംപിന്റെ ആഗോള ആക്ടിവിസത്തിനും ആക്രമണാത്മക അവകാശവാദങ്ങൾക്കുമിടയിലാണ് ഇയാൻ ബ്രെമ്മറിന്റെ ഈ സുപ്രധാന വിശകലനം .
അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെങ്കിലും, അതിന്റെ പ്രസിഡന്റ് ഏറ്റവും ശക്തനായ നേതാവാണെന്ന് അർത്ഥമാക്കുന്നില്ലെന്ന് ഇയാൻ ബ്രെമ്മർ പറഞ്ഞു. “പ്രസിഡന്റ് ട്രംപ് ഏറ്റവും ശക്തനായ നേതാവല്ല. ഷി ജിൻപിംഗ് കരുത്തനാണ് . ഇതിനുള്ള ഏറ്റവും വലിയ കാരണം ഷി ജിൻപിംഗ് ഇടക്കാല തിരഞ്ഞെടുപ്പുകൾ നേരിടുന്നില്ല, സ്വതന്ത്ര ജുഡീഷ്യറി പോലുള്ള സ്ഥാപനപരമായ വെല്ലുവിളികൾ നേരിടുന്നില്ല എന്നതാണ്. ട്രംപ് മൂന്ന് വർഷത്തിനുള്ളിൽ സ്ഥാനമൊഴിഞ്ഞേക്കാം. അതേസമയം ഷി ജിൻപിംഗ് ദീർഘകാലം അധികാരത്തിൽ തുടരും.
ട്രംപ് മാധ്യമങ്ങളിലും തലക്കെട്ടുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഷി ജിൻപിംഗ് അദ്ദേഹത്തെക്കാൾ വളരെ ശക്തമായ നിലയിലാണ് . മോദിയും ട്രംപിനേക്കാൾ മികച്ച സ്ഥാനത്താണ്. മോദിയുടെ ദീർഘകാല ഭരണം ഒരു ശക്തിയായി മാറിയിരിക്കുന്നു.
ഈ ഭരണകാലം അദ്ദേഹത്തിന് ദൂരവ്യാപകമായ നയപരമായ തീരുമാനങ്ങൾ എടുക്കാനും അവയുടെ ദീർഘകാല നേട്ടങ്ങൾ കാണാനുമുള്ള അവസരം നൽകുന്നു . നിരന്തരമായ തിരഞ്ഞെടുപ്പ് സമ്മർദ്ദവും രാഷ്ട്രീയ അസ്ഥിരതയും നേരിടുന്ന ട്രംപിനോ പല യൂറോപ്യൻ നേതാക്കൾക്കോ ഇത് സാധ്യമല്ല. സമീപ വർഷങ്ങളിൽ തന്നെ ഇതിന് ഉദാഹരണങ്ങളുണ്ട് .
ഒരു നേതാവെന്ന നിലയിൽ, മോദിയുടെ ഭരണവും നയങ്ങളിലെ സ്ഥിരതയും അദ്ദേഹത്തെ പല യൂറോപ്യൻ നേതാക്കളേക്കാളും കരുത്തനാക്കുന്നു. ഇത് അദ്ദേഹത്തിന് തന്റെ കാഴ്ചപ്പാടുകൾ ഉറപ്പിക്കാനും അന്താരാഷ്ട്ര സമ്മർദ്ദത്തെ നന്നായി നേരിടാനും സഹായകമാകുന്നു.“ ബ്രമ്മർ പറഞ്ഞു.
തീരുവകൾ ഏർപ്പെടുത്തുന്നതിലൂടെയും, യുദ്ധങ്ങൾ നിർത്തുന്നതിലൂടെയും, സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്നതിലൂടെയും അമേരിക്ക നേട്ടം സ്വന്തമാക്കിയെന്ന ട്രംപിന്റെ അവകാശവാദങ്ങളെ തച്ചുടയ്ക്കുന്നതാണ് ബ്രമ്മറിന്റെ പ്രസ്താവന.

