ബെംഗളൂരു: കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ (കെഎംഎഫ്) ബ്രാൻഡായ ‘നന്ദിനി’ എന്ന പേരിൽ വ്യാജ നെയ്യ് വിൽക്കുന്ന റാക്കറ്റ് പിടിയിൽ . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സെൻട്രൽ ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡും കെഎംഎഫ് വിജിലൻസ് വിംഗും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ പിടികൂടിയത്.
യഥാർത്ഥ നന്ദിനി നെയ്യ് തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിച്ച് ബെംഗളൂരുവിലാണ് വിൽക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളിൽ ഒന്നാണിത്. ബെംഗളൂരുവിലെ ചാമരാജ്പേട്ടിലെ നഞ്ചംബ അഗ്രഹാരയിലാണ് കൃഷ്ണ എന്റർപ്രൈസ് വ്യാജ നന്ദിനി നെയ്യ് ഉത്പാദിപ്പിക്കുന്നത്.
കമ്പനിയുടെ ഗോഡൗണുകളിലും കടകളിലും വാഹനങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയ്ക്കിടെ നെയ്യ് കുപ്പികളും ചെറിയ പാക്കറ്റുകളും കൊണ്ടുപോകുന്ന വാഹനവും പിടിച്ചെടുത്തു. ഗുണനിലവാരം കുറഞ്ഞ പാമോയിലും വെളിച്ചെണ്ണയും പിടിച്ചെടുത്തു.
വ്യാജ നെയ്യ് നിർമ്മിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റെയ്ഡിൽ 1.26 കോടി രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്തു. ഇതിൽ 56.95 ലക്ഷം രൂപ വിലമതിക്കുന്ന 8,136 ലിറ്റർ വ്യാജ നെയ്യ്, ഉൽപ്പാദനത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ, അഞ്ച് മൊബൈൽ ഫോണുകൾ, 1.19 ലക്ഷം രൂപ, 60 ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

