ന്യൂഡൽഹി: ആറ് വർഷത്തിലേറെയായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തതിനും 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരമുള്ള നിർബന്ധിത നിയമങ്ങൾ പാലിക്കാത്തതിനും 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ . അംഗീകൃതമല്ലാത്ത ഈ 334 രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവയാണ് . ഇനി ഈ പാർട്ടികൾക്ക് ഓഫീസുകൾ ആരംഭിക്കാനും അനുവാദമില്ല.
അംഗീകാരം റദ്ദാക്കിയവരിൽ ആർഎസ്പി (ബി), എൻഡിപി സെക്കുലർ എന്നിവയടക്കം കേരളത്തിൽ നിന്നുള്ള ചില രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടുന്നു. അംഗീകൃത ദേശീയ പാർട്ടികളിൽ ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ഭാരതീയ ജനതാ പാർട്ടി (ബിജെപി), സിപിഐ (എം), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയാണ് ഉൾപ്പെടുന്നത്.
നിലവിൽ, രാജ്യത്ത് ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളുമാണ് ഉള്ളത്. നിയമങ്ങൾ അനുസരിച്ച്, രാഷ്ട്രീയ പാർട്ടികൾ ആറ് വർഷത്തിലൊരിക്കലെങ്കിലും തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുകയും അവരുടെ പേരിലോ വിലാസത്തിലോ ഭാരവാഹികളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാലോ ഉടൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും വേണം.

