കൊച്ചി: നടി ആക്രമിക്കപ്പെട്ട ദിലീപിനെതിരെ പുതിയ ആരോപണം . കേസിലെ ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും പരസ്പരം അറിയാമെന്ന് പ്രതിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു. വിചാരണ കോടതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൾസർ സുനിയെ അറിയില്ലെന്ന് ദിലീപ് പറഞ്ഞെങ്കിലും പൾസർ സുനി അത് നിരസിച്ചു.
സംഭവം നടന്ന് എട്ടര വർഷത്തിന് ശേഷം നാളെ കേസിൽ വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറയുല. പൾസർ സുനി ഒന്നാം പ്രതിയാണ്. ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളുണ്ട്. 2017 ഫെബ്രുവരി 17 ന് വൈകുന്നേരം തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനായി വരുമ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്. മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, വടിവാൾ സലിം (എച്ച് സലിം), പ്രദീപ്, ചാർളി തോമസ് എന്നിവരാണ് രണ്ട് മുതൽ ഏഴ് വരെയുള്ള പ്രതികൾ. മേസ്ത്രി സനിലൻ (സനിൽ കുമാർ) ഒമ്പതാം പ്രതിയാണ്. ദിലീപിന്റെ സുഹൃത്ത് വിഐപി ശരത് എന്ന ശരത് നായരെയും രണ്ടാമത്തെ കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്.
2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ 3 ന് കർശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചു. ദീർഘകാലം ജയിലിൽ കഴിഞ്ഞിരുന്ന പൾസർ സുനിക്ക് 2024 സെപ്റ്റംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച് 8 ന് വിചാരണ ആരംഭിച്ചു. കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രങ്ങൾ പകർത്തുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നിവയാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

