ആലപ്പുഴ: പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ് . ആദിക്കാട്ടുകുളങ്ങര പുലച്ചടിവിള വടക്കേതിൽ എച്ച്. ദിലീപ് (42) നെതിരെയാണ് നൂറനാട് പോലീസ് കേസെടുത്തത് . വെള്ളിയാഴ്ചയാണ് സംഭവം. നിലവിൽ ദിലീപ് ഒളിവിലാണ്.
സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയ്ക്ക് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ദിലീപ് കാറിൽ കയറ്റി . ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികമായി ചൂഷണംചെയ്തു. പെൺകുട്ടി എതിർത്തപ്പോൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയശേഷം ബസ്സ്റ്റോപ്പിനു സമീപം ഇറക്കിവിട്ടു.പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയി.
സ്കൂളിലെത്തിയ പെൺകുട്ടി സംഭവത്തെക്കുറിച്ച് സുഹൃത്തുക്കളോടും അധ്യാപകരോടും പറഞ്ഞു. സ്കൂൾ അധികൃതർ പോലീസിനെ അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സബ് ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിൽ കേസെടുത്തു. ദിലീപിനായി അന്വേഷണം തുടരുകയാണ്.

