ലക്നൗ : ഉത്തർപ്രദേശിലെ ഝാൻസിയിൽ 27 വയസ്സുള്ള യുവതി സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന . യുവതിയുടെ ഭർത്താവ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവ് നാലു വയസുകാരി മകളാണ് പോലീസുകാർക്ക് നൽകിയത് . ഝാൻസിയിലെ കോട്വാലി മേഖലയിലെ ശിവ് പരിവാർ കോളനി പ്രദേശത്താണ് സംഭവം . 2019 ലാണ് ഝാൻസി നിവാസിയായ സന്ദീപ് ബുധോലിയ യുവതിയെ വിവാഹം കഴിച്ചത്.
എന്നാൽ, വിവാഹം കഴിഞ്ഞ് കുറച്ചു നാൾക്കുള്ളിൽ ഭർത്താവും കുടുംബവും സ്ത്രീധനമായി കാർ ആവശ്യപ്പെടാൻ തുടങ്ങി. ഇതിന്റെ പേരിൽ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി. തുടർന്ന് യുവതിയുടേ പിതാവ് സഞ്ജീവ് ത്രിപാഠി പോലീസിൽ പരാതി നൽകി . പിന്നാലെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഇതിനിടെയാണ് ദമ്പതികൾക്ക് മകൾ ജനിച്ചത്.
ആൺകുഞ്ഞിനെ പ്രസവിക്കാത്തതിന്റെ പേരിലും ഭർത്താവ് യുവതിയെ പീഡിപ്പിക്കാറുണ്ടായിരുന്നു. ദിവസങ്ങൾക് മുൻപാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . വീട്ടിലെത്തിയ പോലീസുകാരോട് ‘ അച്ഛൻ അമ്മയെ അടിച്ചു, പിന്നെ അച്ഛൻ അമ്മയെ കെട്ടിത്തൂക്കിയിട്ടു . ഒരു കല്ലുകൊണ്ട് അടിച്ചു, ഇന്നലെയും അച്ഛൻ അമ്മയെ പേടിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഞാൻ അച്ഛനോട് പറഞ്ഞു, ‘എന്റെ അമ്മയെ അടിച്ചാൽ അച്ഛന്റെ കൈ ഞാൻ ഒടിക്കുമെന്ന്. അമ്മയെ ഒരുപാട് അടിക്കുമായിരുന്നു, എന്നോടും അങ്ങനെ തന്നെ ചെയ്യുമായിരുന്നു ‘ എന്നാണ് നാലു വയസുകാരി മകൾ പറഞ്ഞത് . അതിന്റെ ചിത്രവും കുട്ടി വരച്ചിരുന്നു. തുടർന്നാണ് ഭർത്താവിനെ പോലീസ് പിടികൂടിയത്.