കൊൽക്കത്ത : ജന്മദിനഘോഷത്തിനിടെ 20 കാരിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി . കൊൽക്കത്തയിലെ റീജന്റ് പാർക്ക് ഏരിയയിലാണ് സംഭവം. പ്രതികളായ ചന്ദൻ മല്ലിക്, ദ്വിപ് (ദീപ്) ബിശ്വാസ് എന്നിവർ ഒളിവിലാണ് . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപാണ് യുവതി ചന്ദൻ മല്ലിക്കിനെ കണ്ടുമുട്ടിയത് . സൗത്ത് കൊൽക്കത്ത പൂജാ കമ്മിറ്റിയുടെ തലവനായി സ്വയം പരിചയപ്പെടുത്തിയ മല്ലിക് പിന്നീട് ദ്വിപിന് യുവതിയെ പരിചയപ്പെടുത്തി. കമ്മിറ്റിയിൽ പങ്കെടുക്കണമെന്ന് ഇരുവരും പറയുകയും ചെയ്തു . മൂവരും ഇടയ്ക്കിടെ സംസാരിക്കാനും തുടങ്ങിയിരുന്നു . സംഭവദിവസം രാത്രി, പ്രതികൾ യുവതിയെ റീജന്റ് പാർക്ക് പ്രദേശത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെ ഭക്ഷണം കഴിച്ച ശേഷം യുവതി പോകാൻ ശ്രമിച്ചപ്പോൾ, വാതിൽ പൂട്ടി, ആക്രമിച്ച്, പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത് .
പിറ്റേന്ന് രാവിലെയാണ് യുവതി ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്ക് എത്തിയത്. തുടർന്ന് ഹരിദേവ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ വർഷം ജൂണിൽ, സൗത്ത് കൽക്കട്ട ലോ കോളേജ് കാമ്പസിൽ 24 വയസ്സുള്ള ഒരു നിയമ വിദ്യാർത്ഥിനിയെ മൂന്ന് വിദ്യാർത്ഥികളും ഒരു സുരക്ഷാ ജീവനക്കാരനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

