കൊച്ചി: ‘ അണലി ‘ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി ഹൈക്കോടതിയെ സമീപിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ച ജസ്റ്റിസ് വി ജി അരുൺ, വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്ന ആവശ്യം അംഗീകരിച്ചില്ല.
വെബ് സീരീസിന്റെ കഥ കൂടത്തായി കൊലപാതകക്കേസുമായി സാമ്യമുള്ളതാണെന്നും അതിനാൽ സംപ്രേഷണം നിരോധിക്കണമെന്നും ഹർജിയിൽ പറയുന്നു. വെബ് സീരീസിന്റെ ടീസറിൽ ചില സാമ്യതകളുണ്ടെന്ന അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഇത് സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷിയാക്കാനും നിർദ്ദേശിച്ചു.
വെബ് സീരീസ് സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസാണ്. ജനുവരി 15 ന് കേസ് വീണ്ടും കോടതി പരിഗണിക്കും. ജോളിക്കെതിരെയുള്ള കേസ്, ആദ്യ ഭർത്താവ് ഉൾപ്പെടെ കുടുംബത്തിലെ ആറ് പേരെ സയനൈഡ് നൽകി കൊലപ്പെടുത്തി എന്നതാണ്. കൂടത്തായി പൊന്നാമറ്റം സ്വദേശിയായ വിരമിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ് (66), ഭാര്യ വിരമിച്ച അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ എം.എം. മാത്യു (68), ടോം തോമസിന്റെ അനന്തരവൻ ഷാജു സക്കറിയാസിന്റെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.

