ന്യൂഡൽഹി : ഡൽഹിയിൽ ആശ്രമ ഡയറക്ടർ പത്തോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥ സാരഥിയ്ക്കെതിരെയാണ് പരാതി . സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ (ഇഡബ്ല്യുഎസ്) സ്കോളർഷിപ്പോടെ ബിരുദാനന്തര മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളെ പീഡിപ്പിച്ചതിനാണ് ചൈതന്യാനന്ദസരസ്വതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും, അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും, നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. വനിതാ അധ്യാപകരും, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ഇതിനു കൂട്ടുനിന്നതായും വിദ്യാർത്ഥികൾ പറയുന്നു.ആശ്രമത്തിൽ ജോലി ചെയ്യുന്ന ചില വാർഡൻമാരാണ് ചൈതന്യാനന്ദ സരസ്വതിക്ക് തങ്ങളെ പരിചയപ്പെടുത്തിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
മൊഴികളുടെ അടിസ്ഥാനത്തിൽ, സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗിക പീഡനത്തിനും മറ്റ് കുറ്റങ്ങൾക്കും പോലീസ് കേസ് ഫയൽ ചെയ്തതായി സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ഗോയൽ പറഞ്ഞു.ആശ്രമത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം ചൈതന്യാനന്ദ സരസ്വതി ഇപ്പോഴും ഒളിവിലാണ്. ആഗ്രയ്ക്ക് സമീപമാണ് അയാൾ അവസാനമായി ഉണ്ടായിരുന്നതെന്ന് സൈബർ പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിരവധി പോലീസ് സംഘങ്ങൾ ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്.
അന്വേഷണത്തിനിടെ, സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന വോൾവോ കാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബേസ്മെന്റിൽ നിന്ന് പോലീസ് കണ്ടെത്തി. പരിശോധനയിൽ, കാറിൽ വ്യാജ നമ്പർ പ്ലേറ്റ് (39 യുഎൻ 1) ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. നയതന്ത്രമന്ത്രാലയവുമായി ബന്ധപ്പെട്ടവർ ഉപയോഗിക്കുന്ന നമ്പരാണ് ഈ കാറിൽ ഉപയോഗിച്ചിരുന്നത്. അതേസമയം ആശ്രമ അധികൃതർ സ്വാമി ചൈതന്യാനന്ദയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി.

