ഡബ്ലിൻ: അയർലൻഡിലെ പുതിയ റെയിൽവേ സ്റ്റേഷൻ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇന്ന് രാവിലെ 11. 45 ന് ഗതാഗതമന്ത്രി ദറാഗ് ഒബ്രിയനും ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ ചെയർമാൻ ജിം ഗിൽഡിയയും ചേർന്നായിരുന്നു പുതിയ ഡാർട്ട് സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അതേസമയം രാവിലെ 8.45 ഓടെ തന്നെ റെയിൽവേ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചിരുന്നു.
ഡബ്ലിനിലെ ശങ്കിലിനും വിക്ലോയിലെ ബ്രേയ്ക്കും ഇടയിലുള്ള വുഡ്ബ്രൂക്കിലാണ് പുതിയ സ്റ്റേഷൻ. 1910 മുതൽ 1960 വരെ ഈ പ്രദേശത്തിന് സേവനം നൽകിയിരുന്ന മുൻ വുഡ്ബ്രൂക്ക് ഹാൾട്ടിൽ നിന്ന് ഏകദേശം 250 മീറ്റർ വടക്കായിട്ടാണ് പുതിയ സ്റ്റേഷന്റെ സ്ഥാനം. പ്രവൃത്തി ദിവസങ്ങളിൽ ഇരു ദിശകളിലേക്കും ഏകദേശം 10 മിനിറ്റ് ഇടവിട്ട് ട്രെയിൻ സർവ്വീസ് ഉണ്ടാകും. ഇവിടെ നിന്നും ഡബ്ലിനിലേക്ക് 40 മിനിറ്റ് നേരത്തെ യാത്രയുണ്ട്.
174 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനിലുള്ളത്. പാസഞ്ചർ ഷെൽട്ടറുകൾ, ഇരിപ്പിടങ്ങൾ, സിസിടിവി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. യാത്രികരുടെ സൈക്കിൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

