ടിപ്പററി: ലിമെറിക്ക്, ടിപ്പററി കൗണ്ടികളിൽ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ച് പരിശോധന നടത്തി ഗാർഡ. വാഹനങ്ങൾ, വാച്ചുകൾ, പണം എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാർഡയുടെ ക്രിമിനൽ അസെറ്റ്സ് ബ്യൂറോയിലെ അംഗങ്ങളാണ് പരിശോധന നടത്തിയത്. അതേസമയം സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഫോക്സ്വാഗൺ കാറുൾപ്പെടെ ആറ് വാഹനങ്ങൾ, നാല് റോളക്സ് വാച്ചുകൾ, 20,000 യൂറോ പണം എന്നിവയാണ് പിടിച്ചെടുത്തത്. മോഷണ മുതലിൽ പലതും പ്രതികൾ വിദേശത്ത് നിന്നും കൊണ്ടുവന്നതാണെന്നും പോലീസ് സംശയിക്കുന്നു. ഇവർ വിദേശങ്ങളിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

