തിരുപ്പതി വെങ്കിടേശ്വരന് 206 കോടിയുടെ സ്വർണ്ണാഭരണങ്ങൾ കാണിക്കയായി നൽകി ഭക്തൻ . വിദേശത്തുള്ള ഇന്ത്യക്കാരനാണ് 121 പവൻ സ്വർണ്ണാഭരണങ്ങൾ ഭഗവാന് വഴിപാടായി സമർപ്പിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിന്റെ സാന്നിധ്യത്തിലാണ് ആഭരണങ്ങൾ ദേവസ്ഥാനത്തിന് ഇന്ന് കൈമാറുന്നത് .
ഒൻപത് സെറ്റുകളിലായി 45 ആഭരണങ്ങളാണ് ഉൾപ്പെടുന്നത്. പ്രധാന വിഗ്രഹത്തെയും, ഉത്സവ വിഗ്രഹങ്ങളെയും അണിയിക്കാൻ പ്രത്യേകം രൂപ കൽപ്പന ചെയ്തതാണിവ .ശ്രീവരി കിരീടം, പദ്മ പാദങ്ങൾ, അരപ്പട്ട, ഭുജ കീർത്തികൾ , ശംഖ് ചക്ര ചിഹ്നങ്ങൾ , കൈകളെ അലങ്കരിക്കുന്ന ആഭരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.ആഗമ ശാസ്ത്ര പാരമ്പര്യങ്ങളും , ടി ടി ഡിയുടെ ആചാരപരമായ നിബന്ധനകൾക്കും അനുസൃതമായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചെന്നൈ ആസ്ഥാനമായ ജി ആർ ടി ജ്വല്ലേഴ്സിലാണ് ആഭരണങ്ങൾ നിർമ്മിച്ചത് . കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് ഇവ തിരുമലയിൽ എത്തിച്ചത്. ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നതിനായി രംഗനായകുല മണ്ഡപത്തിൽ പ്ലൈവുഡ് ഉപയോഗിച്ച് പ്രത്യേക റാക്കുകൾ ടി ടി ഡി അധികൃതർ ഒരുക്കിയിട്ടുണ്ട്. നാളെ വിഗ്രഹങ്ങളിൽ ഈ ആഭരണങ്ങൾ ചാർത്തുമെന്നാണ് റിപ്പോർട്ട്.
ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലേയ്ക്ക് ഇത്ര വിലപിടിപ്പുള്ള ആഭരണങ്ങൾ ഒരു വ്യക്തി വഴിപാടായി നൽകുന്നത് . രണ്ടര ലക്ഷം കോടി ആസ്തിയുള്ള തിരുപ്പതി ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ്.

