കണ്ണൂർ : സി വി ധനരാജ് കൊലക്കേസിൽ വിധി വന്നതിന് പിന്നാലെ കൊലവിളിയുമായി സിപിഎം നേതാവും മുൻ എം എൽ എയുമായ ടി ഐ മധുസൂദനൻ . കണക്ക് പറയേണ്ടിടത്ത് പാർട്ടി കണക്ക് പറഞ്ഞ് തന്നെ തീർക്കുമെന്നും, സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നുമാണ് മധുസൂദനന്റെ ഭീഷണി.
ചീമേനിയിൽ അഞ്ച് പേരെ ചുട്ട് കൊന്നവരെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇപ്പോൾ ജീവനോടെ ഇല്ലെന്നുള്ള കാര്യം മറക്കരുതെന്നും മധുസൂദനൻ പറഞ്ഞു. പയ്യന്നൂരിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിത്വ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മധുസൂദനൻ.
ധനരാജ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയ്ക്കെതിരെയും മധുസൂദനൻ പരാമർശങ്ങൾ നടത്തി. ‘ ധനരാജ് കൊല്ലപ്പെട്ടില്ലെന്ന് ജഡ്ജി പറയാതിരുന്നത് ഭാഗ്യം. ജഡ്ജിയ്ക്ക് തണുപ്പത്തിരുന്ന് കവിതകൾ ഉദ്ധരിച്ചാൽ മതി. ഇടതുപക്ഷത്തിന്റെ പോരാട്ട വീര്യത്തെ തകർക്കാനുള്ള ശ്രമങ്ങളാണിവിടെ നടക്കുന്നത്. പൊലീസ് ജീപ്പിന് നേരെ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞപ്പോൾ ഒരാൾക്ക് പോലും പരിക്കേറ്റില്ല . പൊലീസ് ജീപ്പിന്റെ പെയിന്റ് മാത്രമാണ് പോയത്. അതിനാണ് സിവി നന്ദകുമാറിനെ ജയിലലടച്ചതെന്നും ‘ മധുസൂദനൻ പറഞ്ഞു.
അതേസമയം ഇത്തരം ഭീഷണികൾ കൈകെട്ടി നോക്കി നിൽക്കുന്ന സർക്കാരല്ല ഇതെന്ന താക്കീതുമായി മന്ത്രി കെ മുരളീധരനും രംഗത്തെത്തി. വിധി പറഞ്ഞ ജഡ്ജിയെ പോലും ഭീഷണിപ്പെടുത്തുന്നത് പഴഞ്ചൻ രീതിയാണ് .
ഇന്നത്തെ തലമുറയ്ക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണിത്. ഇത്തരം ഭീഷണികളും, നിലപാടുകളുമാണ് പയ്യന്നൂരിൽ പാർട്ടിയെ തകർത്തത്. കോടതി വെറുതെ വിട്ടാലും ഒരാളെ ഞങ്ങൾ ശിക്ഷിക്കും എന്ന് പറയുന്ന കാലമൊക്കെ കടന്നു പോയി. ആർക്കും ശിക്ഷ നടപ്പാക്കുന്നയാളുടെ റോളൊന്നും നൽകിയിട്ടില്ല.
അരിയിൽ ഷുക്കൂർ വധക്കേസിലെ വിധി യുഡിഎഫിന് നിരാശ ഉണ്ടാക്കുന്നതായിരുന്നു. എപ്പോഴും കാര്യങ്ങൾ നമ്മൾ കരുതുന്ന രീതിയിൽ വരണമെന്നില്ല. ജഡ്ജിയെ ഭീഷണിപ്പെടുത്തുന്നതോ, അധിക്ഷേപിക്കുന്നതോ ഈ സംസ്ഥാനത്ത് അനുവദിക്കില്ല ‘ കെ മുരളീധരൻ പറഞ്ഞു.

