മുംബൈ : 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമാജ് വാദി പാർട്ടിയും, കോൺഗ്രസും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിനെതിരെ പരിഹാസവുമായി ശിവസേന നേതാവ് ആനന്ദ് ദുബെ.
സീറ്റ് വിഭജനത്തിൽ ധാരണയിലെത്തുന്നതിനു മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിലൂടെ അഖിലേഷ് യാദവ് പ്രതിപക്ഷ സഖ്യമായ ഇൻഡിയ സഖ്യത്തിന്റെ നിയമങ്ങൾ ലംഘിച്ചുവെന്ന് ദുബെ പറഞ്ഞു. 2029 ൽ കോൺഗ്രസ് പാർട്ടിയ്ക്ക് പ്രധാനപദവി സ്വപ്നം കാണാമെന്നും എന്നാൽ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ രാഷ്ട്രീയ തിരിച്ചുവരവ് അസാധ്യമായിരിക്കുമെന്നുമാണ് ദുബെ പറയുന്നത്. ‘ ദിനോസറുകൾ തിരിച്ചുവന്നേക്കാം ,പക്ഷെ ഉത്തർപ്രദേശിൽ കോൺഗ്രസ് തിരിച്ചു വരവിന്റെ സാധ്യത വളരെ പ്രയാസമാണ് ‘ എന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം പ്രാരംഭചർച്ചകളിൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് 26 സീറ്റാണ് അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.എന്നാൽ 120 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത് . എന്നാൽ സീറ്റുകളുടെ എണ്ണമല്ല , മറിച്ച് സ്ഥാനാർത്ഥികളുടെ വിജയസാധ്യതയാണ് കണക്കിലെടുക്കേണ്ടതെന്നാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.

