ഡബ്ലിൻ: ഡബ്ലിനിൽ പ്രതിഷേധ പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്. പലസ്തീൻ അനുകൂലികളായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ട് ടണലിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർ ആയിരുന്നു ഇവർ.
പ്രകടനത്തിനിടെ പ്രവർത്തകർ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ ഉൾപ്പെട്ട രണ്ട് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന ലംഘനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്. അതേസമയം പെപ്പർ സ്പ്രേ ഉപയോഗിച്ചായിരുന്നു ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് നേരിട്ടത്.
കഴിഞ്ഞ ദിവസം ആയിരുന്നു പലസ്തീൻ അനുകൂലികളുടെ പ്രതിഷേധ പ്രകടനം. ഗാസയിലേക്ക് സഹായവുമായി പോയവരെ ഇസ്രായേൽ നാവിക സേന കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

