ഡബ്ലിൻ: ഈ വർഷം മുതൽ കമ്യൂണിറ്റി സ്പിരിറ്റ് അവാർഡുകൾ ഏർപ്പെടുത്താനുള്ള തീരുമാനവുമായി സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ. സമൂഹത്തിന് നന്മചെയ്യുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് പുരസ്കാരം. മേയർ ബേബി പെരേപാടൻ ആണ് ഈ ആശയം മുന്നോട്ടുവച്ചത്. അടുത്ത മാസം രണ്ടാംവാരം സംഘടിപ്പിക്കുന്ന പരിപാടിയിൽ വച്ച് ഈ വർഷത്തെ പുരസ്കാരങ്ങൾ സമ്മാനിക്കും.
സൗത്ത് ഡബ്ലിൻ കൗൺസിലിലെ 40 കൗൺസിലർമാർക്കും ഒരു വ്യക്തിയെയോ സംഘടനെയെയോ പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യാം. നോമിനേഷനുകളിൽ നിന്നും വോട്ടിലൂടെ അർഹരെ തിരഞ്ഞെടുക്കും. ഈ മാസം 15 വരെ കൗൺസിലർമാർക്ക് നാമനിർദ്ദേശം സമർപ്പിക്കാം. വ്യക്തിയുടെയും സംഘടനയുടെയും പ്രവർത്തന മേഖലയും അവരെ തിരഞ്ഞെടുക്കാനുള്ള കാരണവും നാമനിർദ്ദേശത്തിൽ ഉൾപ്പെടുത്തണം.

