വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ‘ശ്രാവണം 2025’ നാളെ ( ഞായറാഴ്ച). വാട്ടർഫോർഡ് ബാലിഗണർ ജിഎഎ ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് വിപുലമായ ഓണാഘോഷം. പഴയകാല ഓണത്തിന്റെ മധുരമുള്ള ഓർമ്മകളിലേക്ക് നമ്മെക്കൊണ്ട് എത്തിക്കുന്ന സാംസ്കാരിക വിരുന്നാകും ഡബ്ല്യുഎംഎയുടെ ഓണാഘോഷം.
രാവിലെ 10 മണിയോടെയായിരിക്കും ഓണാഘോഷങ്ങൾക്ക് തുടക്കമാകുക. പൂക്കളം തീർക്കുകയാണ് ആദ്യ പരിപാടി. ഇതിന് ശേഷം മുഖ്യാതിഥി മന്ത്രി ജോൺ കമ്മിൻസ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. വിവിധ കലാ-സാംസ്കാരിക പരിപാടികൾ, കായിക ഇനങ്ങൾ എന്നിവ ഉണ്ടായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവാതിരക്കളി മുതൽ ഫാഷൻ ഷോവരെ ആഘോഷപരിപാടിയുടെ ഭാഗമായി നാളെ നടക്കും.

