തിരുവനന്തപുരം: ഭർത്താവ് കെ.ബി. ഗണേഷ് കുമാറിനെതിരെ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങളിൽ ഒത്തുതീർപ്പിന് ശ്രമം. . ഗണേഷ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമ ചോദിച്ചതായാണ് സൂചന . ഇന്നലെ ഗണേഷ് തന്റെ സഹോദരിയോട് സംസാരിച്ചതായും സംഭവിച്ച എല്ലാത്തിനും ക്ഷമ ചോദിച്ചതായും ബിന്ദു പറഞ്ഞു.
‘ഇന്നലെ ഞാൻ ഫോൺ എടുക്കാത്തതിനാൽ ഗണേഷ് എന്റെ സഹോദരിയോട് സംസാരിച്ചു. ചെയ്ത തെറ്റിന് അദ്ദേഹം ക്ഷമ ചോദിച്ചു. നിയമപരമായി മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്നലെ എനിക്ക് വൈകാരികമായി പ്രതികരിക്കേണ്ടി വന്നു. വർഷങ്ങളായി നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധം തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരും തെറ്റുകൾ വരുത്താറുണ്ട്. അദ്ദേഹം ഒരു മന്ത്രിയായതിനാൽ, ലോകം മുഴുവൻ അതിനെക്കുറിച്ച് അറിഞ്ഞു. ഇതിന് മന്ത്രി സമൂഹത്തോട് ക്ഷമ ചോദിക്കേണ്ടതില്ല. അദ്ദേഹം എന്നോട് ക്ഷമ ചോദിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ ഇനി ചർച്ചകൾ വേണ്ട. ഞാൻ ഇത് എല്ലാവരോടും ആവശ്യപ്പെടുകയാണ്,’ ബിന്ദു വ്യക്തമാക്കി.
വാളകത്തെ കുടുംബ വീട്ടിൽ കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത നിലയിൽ കണ്ടതായും മന്ത്രിയുടെ ജീവനക്കാർ തനിക്ക് നേരെ ബലപ്രയോഗം നടത്തിയതായും ബിന്ദു മേനോൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു . പോലീസിനെ വിളിച്ചിട്ടും സംരക്ഷണം ലഭിച്ചില്ലെന്നും അവർ ആരോപിച്ചിരുന്നു. ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്നും ഗണേഷിന്റെ ജീവനക്കാർ തന്റെ ഫോൺ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും ബിന്ദു പറഞ്ഞിരുന്നു . തന്റെ ജീവൻ അപകടത്തിലാണെന്ന് തോന്നിയപ്പോൾ, മുൻ ഡിജിപിയും കൗൺസിലറുമായ ആർ. ശ്രീലേഖയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചുവെന്നും ബിന്ദു മേനോൻ പറഞ്ഞിരുന്നു.

