ടെഹ്റാൻ : എണ്ണ വിതരണം തടഞ്ഞാൽ ഇറാനെ ശക്തമായി ആക്രമിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് ശക്തമായ മറുപടി നൽകി ഇറാൻ . ഹോർമുസ് കടലിടുക്കിലൂടെ ഒരു ലിറ്റർ എണ്ണ പോലും ഒഴുകാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വെല്ലുവിളിക്കുന്നത് . എണ്ണ കയറ്റുമതി പോലും അനുവദിക്കില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് അടച്ചിടണമെന്ന ഈ മുന്നറിയിപ്പ് ലോകമെമ്പാടും ഉള്ള താക്കീതാണെന്നും വരും ദിവസങ്ങളിൽ ഇന്ധന വില ഇനിയും ഉയർന്നേക്കാമെന്നും വിദഗ്ദ്ധർ പറയുന്നു. ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ സൈന്യത്തിന്റെ പ്രതികരണം .
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം ഇറാൻ തടഞ്ഞാൽ തകർക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണം തുടർന്നാൽ, ഹോർമുസ് കടലിടുക്കിലൂടെ ഒരു ലിറ്റർ എണ്ണ പോലും ഒഴുകാൻ അനുവദിക്കില്ലെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവിച്ചു. കൂടാതെ, ആവശ്യമെങ്കിൽ മുഴുവൻ മേഖലയിൽ നിന്നുമുള്ള എണ്ണ വിതരണം നിർത്തലാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ലോകത്തിന് ലഭ്യമാകില്ല എന്നാണ് ഇതിനർത്ഥം. ഇത് ലോകമെമ്പാടും എണ്ണവിലയിൽ കുത്തനെ വർദ്ധനവിന് കാരണമായേക്കാം.
അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ഈ പ്രതിസന്ധി വരും ദിവസങ്ങളിൽ കൂടുതൽ വഷളാകുമെന്ന് വ്യക്തമാക്കുന്നു. ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ച് ട്രംപ് നിരന്തരം സംസാരിക്കുന്നുമുണ്ട് . അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഈ മേഖലയിൽ നിന്നുള്ള ഊർജ്ജ കയറ്റുമതി നിർത്തിവച്ചാൽ, അത് ലോകമെമ്പാടും ഒരു വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം ഇറാൻ തടഞ്ഞാൽ ഇരുപത് മടങ്ങ് കൂടുതൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എണ്ണ വിതരണം തടയാൻ ഇറാൻ ശ്രമിച്ചാൽ, ഒരു രാഷ്ട്രമെന്ന നിലയിൽ ഇറാൻ തിരിച്ചുവരുന്നത് ബുദ്ധിമുട്ടാക്കുന്ന ഒരു ആക്രമണം അമേരിക്ക നടത്തുമെന്ന് ട്രംപ് പറഞ്ഞു.

