ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ റെഡ് കൈറ്റ് വിഷബാധയേറ്റ് ചത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പരുന്തിനെ മനപ്പൂർവ്വം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വടക്കൻ അയർലന്റിൽ നിയമം മൂലം സംരക്ഷിച്ചുവരുന്ന പരുന്തുകളാണ് റെഡ് കൈറ്റ്. വിഷം നൽകി പരുന്തുകളെ കൊലപ്പെടുത്തരുതെന്ന് പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ലഫ്ബ്രിക്ലാന്റിൽ ഡിസംബറിൽ ആയിരുന്നു റെഡ് കൈറ്റിനെ ചത്ത നിലയിൽ കണ്ടെത്തിയത്. സംശയം ഉയർന്നതിനെ തുടർന്ന് പക്ഷിയെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. അപ്പോഴാണ് പക്ഷിയെ വിഷം നൽകി കൊന്നതാണെന്ന് വ്യക്തമായത്. എലികളെ കൊലപ്പെടുത്താൻ ഉപയോഗിക്കുന്ന ക്ലോറലോസ് എന്ന വിഷം അകത്ത് ചെന്നാണ് പരുന്തിന്റെ മരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.

