കുംഭമേളയിലെ മാല വിൽപ്പനയിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശിനിയുടെ വിവാദ വിവാഹം നിയമക്കുരുക്കിലേക്ക്. വിവാഹിതയാകുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ, വരൻ ഫർമാൻ ഖാനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കാൻ മധ്യപ്രദേശ് പോലീസിന് നിയമോപദേശം ലഭിച്ചു. മാത്രമല്ല, ഡൽഹിയിൽ കമ്മീഷൻ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ മധ്യപ്രദേശ്, കേരള ഡിജിപിമാർക്ക് പട്ടിക വർഗ്ഗ കമ്മീഷൻ നിർദേശം നൽകി.
മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നാടുവിട്ട് ഫർമാനൊപ്പം ട്രെയിനിൽ വന്ന യുവതി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാതെ തങ്ങളെ പിതാവും ബന്ധുക്കളും പിന്തുടരുകയാണ് എന്നായിരുന്നു പെൺകുട്ടി പോലീസിനെ ധരിപ്പിച്ചത്. പെൺകുട്ടി നൽകിയ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും പോലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണ് എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.
കേട്ട പാതി കേൾക്കാത്ത പാതി പെൺകുട്ടിയുടെ വിവാഹം നടത്താൻ ഇറങ്ങി പുറപ്പെട്ട സിപിഎം ഇപ്പോൾ അക്ഷരാർത്ഥത്തിൽ ആപ്പിലായിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, രാജ്യസഭാ എം പി എ എ റഹീം, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്നിവർ മുൻകൈ എടുത്തായിരുന്നു അന്ന് വിവാഹം നടത്തിയത്. ഇതാണ് റിയൽ കേരള സ്റ്റോറി എന്നായിരുന്നു ശിവൻകുട്ടിയുടെ അന്നത്തെ പ്രതികരണം. വിവാഹം സ്വർഗ്ഗത്തിലാണ് നടക്കുന്നതെന്നും, ആ സ്വർഗ്ഗം കേരളമാണ് എന്നുമായിരുന്നു റഹീമിന്റെ പ്രതികരണം. ഇതൊക്കെ ഇപ്പോൾ വിഴുങ്ങേണ്ട അവസ്ഥയിലാണ് പാർട്ടി. വിവാഹം നടത്തിയത് തങ്ങളല്ല എന്നൊരു ക്യാപ്സ്യൂൾ നിലവിൽ പാർട്ടി എടുത്ത് വീശുന്നുണ്ട്. അത് എത്രകണ്ട് ഗുണം ചെയ്യും എന്നത് കണ്ടറിയേണ്ട കാര്യമാണ്.
പോക്സോ വകുപ്പിലെ സെക്ഷൻ 17 പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കുന്നവർക്ക് മാത്രമല്ല അതിന് കൂട്ട് നിൽക്കുന്നവർക്കും ശിക്ഷ ബാധകമാണ്. ശൈശവ വിവാഹ നിരോധന നിയമം 2006 സെക്ഷൻ 10 & 11 എന്നിവ പ്രകാരം ശൈശവ വിവാഹം നടത്തുന്നതിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കാളിത്തം ഉള്ളവർക്ക് 2 വർഷം തടവും പിഴയും ശിക്ഷയായി ലഭിക്കും. ഈ നിലയിൽ കേസെടുത്ത് മുന്നോട്ട് പോയാൽ, വിവാഹം നടത്തി കൊടുത്ത ക്ഷേത്രം അധികൃതർ, സിപിഎം നേതാക്കൾ, വിവാഹം ആഘോഷമാക്കി റേറ്റിംഗ് കൂട്ടിയ മാധ്യമങ്ങൾ എന്നിവർ പെടും.
പ്രായപൂർത്തിയാകാത്ത തന്റെ മകളെ തട്ടിക്കൊണ്ട് പോയി എന്ന പിതാവിന്റെ പരാതിയാണ് സംഗതികൾ ഇവിടം വരെ എത്തിച്ചത്. പെൺകുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട് അന്നേ ചിലർ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അതൊക്കെ മതേതര കേരളത്തെ അപമാനിക്കാൻ വേണ്ടി നടത്തുന്ന നുണപ്രചാരണം എന്ന് ആക്ഷേപിച്ച് തള്ളുകയായിരുന്നു സിപിഎം അനുകൂല പ്രൊഫൈലുകൾ ചെയ്തത്. ഇന്ന് ആധികാരികമായി തന്നെ പെൺകുട്ടിയുടെ പ്രായം തെളിയിക്കപ്പെട്ടതോടെ, സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളം രാജ്യത്തിന് മുന്നിൽ തല കുനിച്ച് നിൽക്കേണ്ട അവസ്ഥയിലാണ്. അതും സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി തന്നെ ശൈശവ വിവാഹത്തിന് ഒത്താശ ചെയ്ത് പോക്സോ നടപടികൾ ക്ഷണിച്ച് വരുത്തി എന്നത് ചിന്തിക്കാവുന്നതിലും അപ്പുറം ഗൗരവമുള്ള വിഷയമാണ്.
ഇവിടെ, മകളുടെ കാര്യത്തിൽ വേദന തിന്നുന്ന മാതാപിതാക്കളുടെ ദുരവസ്ഥ എന്നതിലപ്പുറം, ഇരയാക്കപ്പെട്ടിരിക്കുന്നത് ഗോത്രവിഭാഗത്തിൽ പെടുന്ന ഒരു പെൺകുട്ടിയാണ് എന്നതും പോക്സോ വകുപ്പിന് ഉപോത്ബലകമായി കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കേസിൽ നീതിയുക്തമായ നടപടികൾ മുഖം നോക്കാതെ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ, രാജ്യം പെൺകുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിൽ ഇന്നോളം നേടിയ എല്ലാ പുരോഗതികളും ചോദ്യം ചെയ്യപ്പെടും. പ്രായപൂർത്തിയാകുന്നതിന് മുൻപേ പെൺകുട്ടികളെ കൊത്തിയെടുത്ത് പേറ്റുയന്ത്രങ്ങളാക്കി മാറ്റാൻ വെമ്പൽ കൊള്ളുന്ന സ്ത്രീവിരുദ്ധർക്ക് ഇത് തങ്ങളുടെ അപരിഷ്കൃത ചിന്താഗതികൾ വീണ്ടും പൊതുസമൂഹത്തിൽ ഛർദ്ദിക്കാൻ അവസരമൊരുക്കി നൽകലാകും. അതിനാൽ, താത്കാലിക നേട്ടത്തിന് വേണ്ടി മുൻപിൻ നോക്കാതെ ഇറങ്ങിത്തിരിച്ച് അനർത്ഥം വരുത്തി വെക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ രാജ്യത്തെ നിയമത്തിന്റെ ഓഡിറ്റിംഗിന് വിധേയമായേ മതിയാകൂ..

