ഡബ്ലിൻ: ട്രെയിൻ യാത്രികർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഐറിഷ് റെയിൽ. ഇനി മുതൽ മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ യാത്രയ്ക്കിടെ പെരുമാറുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ഐറിഷ് റെയിൽ വ്യക്തമാക്കുന്നത്. പൊതുഗതാഗതത്തോട് ജനങ്ങൾക്ക് ഇഷ്ടം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിൻ യാത്രകൾ മികച്ചതാക്കുന്നതിന് വേണ്ടിയാണ് ഐറിഷ് റെയിലിന്റെ നിർദ്ദേശങ്ങൾ.
ഇനി മുതൽ യാത്രാ വേളയിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യരുതെന്ന് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ട്രെയിനിൽ വാപ്പുകൾ ഉപയോഗിക്കരുത്. ഒഴിഞ്ഞ സീറ്റുകളിൽ കാല് വയ്ക്കുകയോ ബാഗ് വയ്ക്കുകയോ ചെയ്യരുത്. ഈ നിർദ്ദേശങ്ങൾ ലംഘിച്ചാൽ ട്രെയിൻ ഇൻസ്പെക്ടർമാർ 100 യൂറോ പിഴ ചുമത്തുമെന്ന് ഐറിഷ് റെയിൽ വ്യക്തമാക്കി.
ഐറിഷ് റെയിൽ മാർഗ്ഗനിർദ്ദേശങ്ങൾ
സീറ്റുകൾ വ്യക്തമായി വയ്ക്കുക – കാലുകളോ ബാഗുകളോ ഒഴിഞ്ഞ സീറ്റുകളിൽ വയ്ക്കരുത്.
ഇയർഫോണുകൾ ഉപയോഗിക്കുക, ശബ്ദം കുറച്ച് പാട്ടുകൾ കേൾക്കുക.
ട്രെയിനിൽ നിന്നും സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക; മറ്റ് യാത്രക്കാരെയും വാഹനങ്ങളെയും നിങ്ങളുടെ ചുറ്റുപാടുകളെയും ശ്രദ്ധിക്കുക, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ,
മാലിന്യം ശരിയായി സംസ്കരിക്കുക.
ട്രെയിനുകളിലോ അടച്ചിട്ട സ്റ്റേഷൻ പ്രദേശങ്ങളിലോ പുകവലിക്കുകയോ വാപ്പ് ഉപയോഗിക്കുകയോ ചെയ്യരുത്.
മടക്കാവുന്ന മോഡലുകൾ ഉൾപ്പെടെയുള്ള ഇ-സ്കൂട്ടറുകൾ ട്രെയിനുകളിൽ അനുവദനീയമല്ല.

