ന്യൂഡൽഹി : ഇന്ത്യ മറ്റുള്ളവരെ സേവിക്കാൻ അസംസ്കൃത പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ടെന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിട്രോഡയുടെ പ്രസ്താവന വിവാദമാകുന്നു . ഇന്ത്യയ്ക്ക് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം ഇല്ലെന്നും, അത് നാണക്കേടാണെന്നുമാണ് സാം പിട്രോഡയുടെ പ്രസ്താവന .
ഇന്ത്യയിൽ യുവ പ്രതിഭകളുടെ ഒരു അസംസ്കൃത അടിത്തറ നമ്മൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സാം പിട്രോഡ പറഞ്ഞു. “നമ്മൾ ധാരാളം പ്രതിഭകളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്, പക്ഷേ അവർ അസംസ്കൃതരാണ്. ഈ പ്രതിഭകളിൽ ഭൂരിഭാഗവും പ്രോഗ്രാമിംഗ്, ബാങ്കിംഗ്, നിയമവ്യവസ്ഥകൾ, വ്യവസായം, നിർമ്മാണം, ലോജിസ്റ്റിക്സ് എന്നിവയിൽ ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികളെ സഹായിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യ സ്വന്തം ഉൽപ്പന്നങ്ങൾ സൃഷ്ടിച്ചിട്ടില്ല, മറിച്ച് മറ്റുള്ളവരെ സേവിക്കാൻ അവരുടെ കഴിവുകൾ ഉപയോഗിച്ചു.
നമ്മൾ സ്വന്തമായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സൃഷ്ടിച്ചിട്ടില്ല. മൈക്രോസോഫ്റ്റ് പോലെ വലിയൊരു കമ്പനി ആരംഭിച്ചിട്ടില്ല. സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിച്ചിട്ടില്ല. 1.5 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്തിന് സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഇല്ല എന്നത് ലജ്ജാകരമാണ്. മൊബൈൽ ഫോണുകൾക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പോലും നമ്മൾ വികസിപ്പിച്ചിട്ടില്ല. മറ്റുള്ളവരെ സേവിക്കാൻ മാത്രം നമ്മൾ നമ്മുടെ കഴിവുകൾ യഥാർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്.“ എന്നാണ് സാം പിട്രോഡയുടെ പ്രസ്താവന .
അതേസമയം സാം പിട്രോഡയുടെ പ്രസ്താവനയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ലഷ്കർ-ഇ-കോൺഗ്രസിന്റെ മുഖ്യ ഉപദേഷ്ടാവ് വീണ്ടും കള്ളം പറഞ്ഞുകൊണ്ട് ഇന്ത്യയെ പരിഹസിച്ചതായി പാർട്ടി വക്താവ് ഷഹ്സാദ് പൂനാവാല പറഞ്ഞു. ‘ കോൺഗ്രസ് പാർട്ടിയുടെ ടോപ്ലെസ് പ്രവൃത്തിക്ക് പിന്നാലെ, ലഷ്കർ-ഇ-കോൺഗ്രസിന്റെ മുഖ്യ ഉപദേഷ്ടാവ് സാം പിത്രോഡ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണയും ഇന്ത്യയെ അപകീർത്തിപ്പെടുത്തുക എന്നതാണ് അദ്ദേഹത്തിന്റെ അജണ്ട. നുണ പറഞ്ഞുകൊണ്ട് സാം ഇന്ത്യയെ പരിഹസിക്കുന്നു. ഇന്ത്യ ലജ്ജിക്കണമെന്ന് അദ്ദേഹം പറയുന്നു. നുണകൾ പറഞ്ഞുകൊണ്ട് ഇന്ത്യയെ അപകീർത്തിപ്പെടുത്തുക എന്നതാണ് കോൺഗ്രസിന്റെ ഏക ലക്ഷ്യമെന്നും“ ഷഹ്സാദ് പൂനാവാല പറഞ്ഞു.
മാത്രമല്ല BOSS Linux, Maya OS, PrimeOS, BharOS, Indus OS, NxtQuantum OS എന്നിവയുൾപ്പെടെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒരു പട്ടികയും പൂനാവാല പുറത്തിറക്കി. UPI, വാക്സിൻ വികസനം, സമീപകാല സാമ്പത്തിക വളർച്ച എന്നിവയെക്കുറിച്ചുള്ള ഡാറ്റയും അദ്ദേഹം പുറത്തുവിട്ടു .

