ന്യൂഡൽഹി : മൻ കി ബാത്തിൽ ആലിൻ ഷെറിൻ എബ്രാഹാമിനെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവയവദാനത്തിലൂടെ നാല് കുട്ടികൾക്ക് പുതുജീവൻ നൽകി , ഒരു മുഴുവൻ ജീവിതവും മുന്നിലുണ്ടായിരുന്ന കുഞ്ഞ് പെട്ടെന്ന് ലോകം വിട്ടുപോയെന്നും നിരവധി സ്വപ്നങ്ങളും സന്തോഷ നിമിഷങ്ങളും പൂർത്തീകരിക്കപ്പെടാതെ നഷ്ടപ്പെട്ടുവെന്നും മോദി പറഞ്ഞു.
ആലിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച നരേന്ദ്ര മോദി, കുട്ടിയെ നഷ്ടപ്പെട്ടതിന്റെ വേദന കൂടുതൽ ആഴമേറിയതാണെന്നും പറഞ്ഞു. ‘ ഈ വേദനയിലും കുടുംബം കുഞ്ഞിനെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. ആ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. ഇത്രയും ആഴത്തിലുള്ള ദുഃഖത്തിനിടയിലും, പിതാവ് അരുൺ എബ്രഹാമും അമ്മ ഷെറിനും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അവരോടുള്ള അതിയായ ബഹുമാനം നിറയ്ക്കുന്ന ഒരു തീരുമാനമെടുത്തു, ആ കുഞ്ഞിന്റെ പേര് എപ്പോഴും ഓർമ്മിക്കപ്പെടുമെന്നും “ പ്രധാനമന്ത്രി പറഞ്ഞു. .
ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ്. ഫെബ്രുവരി 5 ന് കോട്ടയത്ത് ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ നാലു കുട്ടികൾക്കാണ് ദാനം ചെയ്തത്.

