ചെന്നൈ: ടിവികെ സംസ്ഥാന പ്രസിഡന്റും, നടനുമായ വിജയ്, വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. ഇന്ന് ചെന്നൈയിൽ നടന്ന ടിവികെ യോഗത്തിൽ ഇത് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ടിവികെ ഇലക്ഷൻ കാമ്പെയ്ൻ മാനേജ്മെന്റ് സെക്രട്ടറി ആധവ് അർജുനാണ് പ്രമേയം അവതരിപ്പിച്ചത്.2021 ൽ 54,976 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഡിഎംകെയാണ് ഈ സീറ്റ് നേടിയത്.
പാർട്ടി പ്രവർത്തകരുടെ ആഗ്രഹം നേതൃത്വത്തെ അറിയിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എൻ ആനന്ദ് പറഞ്ഞു. “ആധവ് അവതരിപ്പിച്ച പ്രമേയം ഞങ്ങൾ പൂർണ്ണഹൃദയത്തോടെ അംഗീകരിക്കുന്നു, ആഗ്രഹം ഇളയ ദളപതിയെ അറിയിക്കും,” അദ്ദേഹം പറഞ്ഞു.
ഉയർന്ന ദാരിദ്ര്യവും കൂടുതൽ പൊതുജന ആവശ്യവും നേരിടുന്ന പ്രദേശങ്ങളിൽ നിന്ന് മത്സരിക്കുന്നതിൽ പാർട്ടി നേതൃത്വം വിശ്വസിക്കുന്നുവെന്ന് ആധവ് പറഞ്ഞു. പെരമ്പൂർ, കൊളത്തൂർ, ആർകെ നഗർ പോലുള്ള വടക്കൻ ചെന്നൈ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് വിജയ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹാർബർ മണ്ഡലത്തിൽ സമാധാനപരമായി പ്രചാരണം നടത്തിയിരുന്ന ടിവികെ പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവങ്ങളാണ് വിജയ് ആദ്യം വടക്കൻ ചെന്നൈ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈ തങ്ങളുടെ രാഷ്ട്രീയ ശക്തികേന്ദ്രമാണെന്ന ഡിഎംകെയുടെ അവകാശവാദത്തെക്കുറിച്ച് പരാമർശിച്ച ആധവ്, ടിവികെ ശക്തമായി നഗരത്തിൽ പ്രചാരണം ആരംഭിക്കുകയാണെന്നും പറഞ്ഞു.

